കൊറോണ പേടി: ദുബയില്‍ മലയാളി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

dubaia malayali death

ദുബയ്: കൊറോണ പകരുമോ എന്ന ആശങ്കയെ തുടര്‍ന്ന് മലയാളി ദുബയില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം പ്രാക്കുളം മായാവിലാസില്‍ അശോകന്‍(47) ആണ് മരിച്ചത്. എന്നാല്‍, പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണയില്ലെന്ന് തെളിഞ്ഞതായി ദുബയ് പൊലീസ് പറഞ്ഞു.

ജബല്‍ അലി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന അശോകന്‍ അള്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് മരുന്നു കഴിച്ചു വരികയായിരുന്നു. കൊറോണ സംബന്ധിച്ച് ഉയരുന്ന ആശങ്കകള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. പരിശോധിക്കാനായി ആശുപത്രിയിലും പോയിരുന്നു. എന്നാല്‍, അസുഖം ബാധിച്ചിരുന്നതായി മെഡിക്കല്‍ രേഖകളില്‍ പരാമര്‍ശമില്ലെന്ന് ജബല്‍ അലി പോലിസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി പറഞ്ഞു.

നാട്ടിലേക്ക് എന്നാണ് മടങ്ങാന്‍ കഴിയുക എന്ന കാര്യം ഇദ്ദേഹം പലരോടും വിളിച്ചു തിരക്കിയിരുന്നു. എന്നാല്‍, ഉടനെയൊന്നും വിമാന സര്‍വീസ് ഉണ്ടാവില്ല എന്ന വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

അള്‍സറിനും മറ്റുമായി കേരളത്തില്‍ നിന്നു മരുന്ന് വരുത്തി കഴിക്കുകയായിരുന്ന അശോകന്, ലോക്ഡൗണ്‍ മൂലം മരുന്നു കിട്ടാതായി. ഇതിനിടെ ശാരീരികാസ്വസ്ഥതകള്‍ കണ്ടതിനെതുടര്‍ന്നു ആശുപത്രിയില്‍ ചികില്‍സ തേടി. കോവിഡ് 19 പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം താമസസ്ഥലത്തു ക്വാറന്റീനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യ.

ഇന്ന് പുലര്‍ച്ചെ കാലിലെ ഞരമ്പുകള്‍ മുറിച്ച ശേഷം അശോകന്‍ കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്.

കെട്ടിടത്തില്‍ നിന്ന് ചാടിയ അശോകന്‍ മിനി ബസ്സിനു മുകളിലേക്കാണ് വീണത്. പൊലീസ് സംഘം ആബുലന്‍സില്‍ റാഷിദ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേ സമയം, ആത്മഹത്യയ്ക്കുള്ള കാരണം കൊറോണയുമായി ബന്ധപ്പെട്ടതാണെന്ന പ്രചാരണം പോലിസ് നിഷേധിച്ചു. ആതമഹത്യ ചെയ്തത് എന്തിനാണെന്നറിയാന്‍ അന്വേഷണം നടത്തിവരികയാണെന്ന് ജബല്‍ അലി പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി പറഞ്ഞു.