അബൂദബി: യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി കൊറോണ ബാധിച്ചുമരിച്ചു. മലപ്പുറം കോഡൂര്‍ പൊന്മള കാഞ്ഞിരമുക്ക് സ്വദേശി കുണ്ടുവായില്‍ ഇല്യാസ് (42), തിരൂര്‍ പുറത്തൂര്‍ സ്വദേശി പുളിക്കല്‍ കുഞ്ഞിമോന്‍ (55) എന്നിവര്‍ അബൂദബിയിലും കൊല്ലം ചിതറ വളവുപച്ച സ്വദേശി ദിലീപ് കുമാര്‍ (54) ദുബയിലുമാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
പരേതനായ ചേക്കുഹാജിയുടെയും നഫീസയുടെയും മകനാണ് ഇല്യാസ്. ഭാര്യ: സുഹറ. മക്കള്‍: റിയ, മുഹമ്മദ് ഷാന്‍, മിയ.
കുഞ്ഞിമോന് അബൂദബി ഡല്‍മ ഐലന്‍ഡില്‍ മത്സ്യക്കച്ചവടമായിരുന്നു. ഖലീഫ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഭാര്യ: വസന്ത. മക്കള്‍: ലിജിത് (അബൂദബി), ലിംന. മരുമകന്‍: ബാബു (അബൂദബി).
28 വര്‍ഷമായി യുഎഇയില്‍ ബിസിനസുകാരനായ ദിലീപ് കുമാര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസം മുന്‍പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങി. തുടര്‍ന്ന് നാലു ദിവസം വീണ്ടും പനി മൂര്‍ഛിച്ച് ദുബയ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ന്യൂമോണിയയാണെന്ന് കണ്ടെത്തുകയും ചെയ്തു. കടുത്ത പ്രമേഹമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
പിതാവ്: യോഗേഷ്. മാതാവ്: അരുന്ധതി. സഹോദരങ്ങള്‍: സല്‍കുമാര്‍, പ്രദീപ് കുമാര്‍, ജയകുമാര്‍, സുനില്‍ കുമാര്‍ (എല്ലാവരും ദുബായ്), സിനിമോള്‍.
Corona: three more malayali death in uae