യുഎഇയില്‍ മാര്‍ച്ച് 1ന് മുമ്പ് വിസ കഴിഞ്ഞവര്‍ ആഗസ്ത് 18ന് മുമ്പ് രാജ്യം വിടണം

uae expired visa

അബൂദബി: മാര്‍ച്ച് 1ന് മുമ്പ് യുഎഇ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള അവസരം ആഗസ്ത് 18ന് അവസാനിക്കുമെന്ന് അധികൃതര്‍. മാര്‍ച്ച് 1ന് മുമ്പ് വിസിറ്റ്, ടൂറിസ്റ്റ്, റസിഡന്‍സി വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി മെയ് 18ന് ആരംഭിച്ച് ആഗസ്ത് 18നാണ് അവസാനിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.

മാര്‍ച്ച് 1ന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഡിസംബര്‍ 31വരെ പിഴ കൂടാതെ രാജ്യത്ത് തുടരാമെന്നും അദ്ദേഹം പറഞ്ഞു. വിസിറ്റ് വിസക്കാര്‍ക്ക് ഉള്‍പ്പെടെ ഇത് ബാധകമാണ്. പൊതുമാപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 800453 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വിസാ കാലാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്നവര്‍ക്ക് തിരിച്ചുവരുന്നതിന് വിലക്കുണ്ടാവില്ല. കാലാവധിയോട് കൂടിയ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മാത്രമേ രാജ്യംവിടാനാവൂ. കാലാവാധി കഴിഞ്ഞ വിസയുള്ളവര്‍ നാട്ടിലേക്കു പോകുമ്പോള്‍ വിമാനത്താവളത്തില്‍ നേരത്തേ എത്തണമെന്നും അല്‍ റാഷിദി പറഞ്ഞു. ദുബയ് എയര്‍പോര്‍ട്ട് വഴി പോകുന്നവര്‍ 48 മണിക്കൂര്‍ മുമ്പും അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി പോകുന്നവര്‍ 6 മണിക്കൂര്‍ മുമ്പും ടെര്‍മിനലുകളിലെ ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ എത്തണം. പൊതുമാപ്പ് ഉപയോഗപ്പെടുത്തി പോകുന്നവര്‍ കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെയും ഒപ്പം കൂട്ടണമെന്ന് അല്‍ റാഷിദി പറഞ്ഞു.

Coronavirus: Exit UAE by Aug 18 without paying penalty if visa has expired before March 1