ദുബൈ: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ യുഎഇയില്‍ എത്തിക്കുന്നതിന് ഇന്ത്യയും യുഎഇയും തമ്മില്‍ ഉണ്ടാക്കിയ പ്രത്യേക വിമാന കരാര്‍ നീട്ടിയതായി ദുബയ് കോണ്‍സുലേറ്റ് ജനറല്‍. കരാര്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നീട്ടിയതായി ഖലീജ് ടൈംസ് ആണ് റിപോര്‍ട്ട് ചെയ്തത്.
അതിനു പുറമേ വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ ഷാര്‍ജയില്‍ നിന്നും ദുബയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 74 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഓണ്‍ലൈന്‍ ബുക്കിങ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
നിലവിലുള്ള കരാര്‍ തുടരും
ജൂലൈ 12 മുതല്‍ 26 വരെ പ്രത്യേക വിമാന സര്‍വീസ് നടത്താനാണ് ഇന്ത്യയും യുഎഇയും കരാര്‍ ഉണ്ടാക്കിയത്. ഇതുപ്രകാരം വന്ദേഭാരത് മിഷനില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് അങ്ങോട്ട് പോകുമ്പോള്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികളെ കൊണ്ടുപോകാം.
സമാനമായി യുഎഇയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്യുന്ന യുഎഇ, ഇന്ത്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് തിരിച്ചുപോവുമ്പോള്‍ ഇന്ത്യയിലുള്ള പ്രവാസികളെ കൊണ്ടുപോവാം. ഈ കരാര്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ഇനിയൊരു അറിയിപ്പ് വരെ തുടരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് ഈ തീരുമാനം.