അബുദാബി: കോവിഡ് ബാധിതയായ മലയാളി നഴ്സ്ിന് ആശങ്കള്‍ക്കൊടുവില്‍ ആരോഗ്യമുള്ള കുഞ്ഞ് പിറന്നു. കോവിഡ് പോരാട്ടത്തിന്റെ മുന്നണിയിലുള്ള ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ജിന്‍സി ആന്റണി. ഗര്‍ഭിണിയായ ജിന്‍സിയും ഭര്‍ത്താവും സഹോദരിയും വൈകാതെ കോവിഡ് പോസീറ്റിവായി. രോഗമുക്തി നേടുന്നതിന് മുമ്പ് തന്നെ ജിന്‍സി പ്രസവിച്ചു. കോവിഡുമായുള്ള ആ കുടുംബത്തിന്റെ പോരാട്ടനാളുകളില്‍ പിറന്ന പിഞ്ചോമനക്ക് അവര്‍ പേരിട്ടു- എയ്ഞ്ചലിന്.
എയ്ഞ്ചലിനെന്ന പേര് നഴ്സുമാര്‍ക്കുള്ള ആദരം
പൊതു സമൂഹം മാലാഖമാരെന്നു വിളിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവായാണ് മാലാഖയെന്ന് അര്‍ഥംവരുന്ന പേര് പിഞ്ചോമനയ്ക്ക് നല്കാന് ജിന്‍സിയും കുടുംബവും തീരുമാനിച്ചത്. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമെത്തിയ കുഞ്ഞാണ് എയ്ഞ്ചലിന്. യുഎഇയില്‍ കോവിഡ് ബാധിച്ചുതുടങ്ങിയ ഘട്ടത്തില്‍ രോഗബാധിതരെ പരിചരിക്കാന്‍ അല്‍ ഐന്‍ വി.പി.എസ്. മെഡിയോര്‍ ആശുപത്രിയില്‍ സേവനനിരതയായി ജിന്‍സിയുണ്ടായിരുന്നു. സ്വകാര്യകമ്പനിയില്‍ അക്കൗണ്ടന്റായ ഭര്‍ത്താവ് ജോസ് ജോയാണ് ആദ്യം കോവിഡ് പോസിറ്റീവാകുന്നത്. പിന്നാലെ ജിന്‍സിയും. ഗുരുതരലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ ത്തന്നെ ക്വാറന്റീനില്‍ തുടര്‍ന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ജോസ്മി ആന്റണി മുന്‍കരുതലുകള്‍ സ്വീകരിച്ച് ജിന്‍സിക്ക് തുണയായി.
കോവിഡ് പോസിറ്റീവ് ഫലം വരുമ്പോള്‍ ഒന്‍പതുമാസം ഗര്‍ഭിണിയായിരുന്ന ജിന്‍സിയുടെ പ്രസവം ജൂണ്‍ പകുതിയോടെയായിരുന്നു പ്രതീക്ഷിച്ചത്. മേയ് 15ന് പോസിറ്റീവ് ആയശേഷം നെഗറ്റീവ് ഫലം ലഭിക്കാനായുള്ള കാത്തിരിപ്പിനിടയില്‍ ഭര്‍ത്താവിന് ന്യൂമോണിയ ബാധിച്ചു. ജിന്‍സി ജോലിചെയ്യുന്ന ആശുപത്രിയില്‍ ജോസിനെ പ്രവേശിപ്പിച്ചു.
20 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ജിന്‍സിയുടെ ആദ്യ നെഗറ്റീവ് റിപ്പോര്‍ട്ട് ജൂണ്‍ നാലിന് വന്നു. അടുത്ത ദിവസംതന്നെ ജിന്‍സി ഡോക്ടറെ കണ്ടു. രക്തസമ്മര്‍ദം കൂടുതലാണെന്നും പെട്ടെന്ന് തന്നെ അഡ്മിറ്റ് ആകണമെന്നും ഡോക്ടര്‍ അറിയിച്ചു. രണ്ടാമത്തെ പരിശോധനയ്ക്ക് അപ്പോള്‍തന്നെ സാമ്പിള്‍ നല്കി. അടുത്ത ദിവസംതന്നെ ജോലിചെയ്യുന്ന ആശുപത്രിയില്‍ അഡ്മിറ്റായ ജിന്‍സിയെ കോവിഡ് ബാധിതര്‍ക്കുള്ള പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സഹപ്രവര്‍ത്തകര്‍ പരിചരിച്ചിരുന്നത്. ആറാം തീയതിയാണ് കുഞ്ഞുപിറന്നത്.
കുഞ്ഞിനെ കൈയിലെടുത്തത് നാല് ദിവസത്തിന് ശേഷം
കോവിഡ് മുക്തയായെന്നു ഉറപ്പാകാത്തതിനാല്‍ കുഞ്ഞിനെ അടുത്ത്നിന്ന് കാണാന്‍ ജിന്സിക്കായില്ല. സഹപ്രവര്‍ത്തകര്‍ ദൂരെനിന്ന് കുഞ്ഞിനെ കാണിച്ചു കൊടുത്തു. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചശേഷം അടുത്തദിവസം കുട്ടിയെ സഹോദരി ജോസ്മിക്ക് കൈമാറി. ജിന്‍സി അപ്പോഴും ഐസൊലേഷന്‍ റൂമില്‍ തുടരുകയായിരുന്നു. പ്രസവത്തിനുമുമ്പ് നല്കിയ സാമ്പിളിന്റെ ഫലംവന്നപ്പോള്‍ വീണ്ടും പോസിറ്റീവ്. ജൂണ്‍ പത്താം തീയതിയാണ് അടുത്ത നെഗറ്റിവ് റിപ്പോര്‍ട്ട് കിട്ടിയത്. അന്നാണ് സഹോദരിയുടെയും സഹപ്രവര്‍ത്തകരുടെയും പരിചരണത്തിലായിരുന്ന കുഞ്ഞിനെ ജിന്‍സി കൈയിലെടുക്കുന്നത്.
അമ്മയും കുഞ്ഞും വീട്ടിലെത്തുമ്പോള്‍ രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം കോവിഡ് മുക്തനായ ജോസ് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ദൂരക്കാഴ്ചയില്‍ ഇരുവരെയും കണ്ട ജോസിന് കുഞ്ഞിനെയെടുക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ സഹോദരി ജോസ്മിക്കും കോവിഡ് സ്ഥിരീകരിച്ചു. വലിയ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് മാത്രം. ഏറെനാളത്തെ ക്വാറന്റീന് വാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ജോസ്മിയും കോവിഡ് മുക്തയായത്. എല്ലാം കഴിഞ്ഞ ശേഷമായിരുന്നു തങ്ങള്‍ കോവിഡ് ബാധിതയായിരുന്നു എന്ന വിവരം കേരളത്തിലുള്ള കുടുംബത്തെ അറിയിച്ചത്.
Coronavirus: UAE-based Indian nurse gives birth to first child while infected with COVID-19