പ്രവേശന നിയന്ത്രണം നീക്കം ചെയ്തു; യുഎഇയില്‍ വിസകള്‍ അനുവദിച്ചു തുടങ്ങി

uae visa renewal

അബൂദബി: യുഎഇയില്‍ നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങിയതായും എന്നാല്‍, വര്‍ക്ക് പെര്‍മിറ്റ് തല്‍ക്കാലം അനുവദിക്കില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി) പറഞ്ഞു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ യുഎഇ വിനോദ സഞ്ചാര സാമ്പത്തിക മേഖലകളെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വിസ അനുവദിച്ചു തുടങ്ങിയതെന്നു ദേശീയ മാധ്യമ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ലോക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 17നായിരുന്നു എഫ്‌ഐഎസി ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒഴികെ എല്ലാ വിസകളും നിര്‍ത്തലാക്കിയത്. എന്നാല്‍, സന്ദര്‍ശക വിസ അടുത്തിടെ പുനരാരംഭിച്ചിരുന്നു.