രാജ്യം അണുവിമുക്തമാക്കുന്നു; യുഎഇയില്‍ അടുത്ത മൂന്ന് ദിവസം രാത്രി പുറത്തിറങ്ങരുത്‌

qatar malayalam news

രാജ്യം അണുവിമുക്തമാക്കുന്നു; യുഎഇയില്‍ മൂന്ന് ദിവസം രാത്രി പുറത്തിറങ്ങരുത്

അബൂദബി: രാജ്യത്ത് കോവിഡ് 19 വ്യാപിക്കുന്നത് ചെറുക്കാന്‍ ലക്ഷ്യമിട്ട് യുഎഇയിലെ പൊതുഇടങ്ങള്‍ അണുവിമുക്തമാക്കുന്നു. അടുത്ത മൂന്ന് ദിവസം രാത്രി 8 മണി മുതല്‍ രാവിലെ 6 മണിവരെയാണ് ഈ പ്രക്രിയ നടക്കു. ഈ സമയത്ത് എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും യാത്ര കര്‍ശനമായി പരിമിതപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശി.

ഭക്ഷണം, അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയ്ക്കല്ലാതെ വീട് വിട്ടിറങ്ങരുതെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമുതലാണ് അണുവിമുക്തമാക്കല്‍ നടപടി ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷന്‍, പൊതുമാധ്യമങ്ങള്‍, ആരോഗ്യം, സുരക്ഷ, പോലിസ് മേഖലകള്‍ തുടങ്ങിയ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമാണ് പുറത്തിറങ്ങുന്നതില്‍ ഇളവുള്ളതെന്ന് യുഎഇ ആരോഗ്യ മേഖലാ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു. അണുവിമുക്ത പ്രക്രിയ നടക്കുക്കുന്ന രാത്രി 8 മുതല്‍ രാവിലെ 6 വരെ വീടിനുള്ളില്‍ താമസിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഊര്‍ജ്ജം, ആശയവിനിമയം, മെഡിക്കല്‍, പോലിസ്, ആര്‍മി, ഫാര്‍മസ്യൂട്ടിക്കല്‍, വൈദ്യുതി, വെള്ളം, വിമാനത്താവളം, പാസ്പോര്‍ട്ടുകള്‍, ബാങ്കുകള്‍, പൊതുമാധ്യമങ്ങള്‍ എന്നിവ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തെ കാലയളവില്‍ ആരെയെങ്കിലും വീടുകള്‍ക്ക് പുറത്ത് കണ്ടാല്‍ അവരുടെ വര്‍ക്ക് പെര്‍മിറ്റ് പരിശോധിച്ച് ഉറപ്പുവരുത്തും.

ദേശീയ അണുനാശിനി വിമുക്ത പദ്ധതി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പിഴയും തടവും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതരുമായി സഹകരിക്കണമെന്ന് ഞങ്ങള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ അഹ്മദ് പറഞ്ഞു.

ദുബായ് മെട്രോ, ട്രാം, ടാക്സികള്‍, ബസുകള്‍ തുടങ്ങിയ പൊതുഗതാഗത ഇടങ്ങളും പൊതു-സ്വകാര്യ ഇടങ്ങളും റോഡുകളും അണുവിമുക്തമാക്കും. ആരോഗ്യ-ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തി നടക്കുക.

ഇക്കാലയളവില്‍ രാജ്യവ്യാപകമായി ഗതാഗതം നിയന്ത്രിക്കുകയും പൊതുഗതാഗതവും മെട്രോ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്യും.