യുഎഇയിലെ യാത്രാവിലക്ക്: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍

uae airport

ദുബൈ: കോവിഡുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്ക് കാരണം യുഎഇയിലേക്ക് വരേണ്ട നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്തുന്നതിന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഇന്ത്യന്‍ എംബസിയും സ്വകാര്യ ആശുപത്രികളും അധികൃതരെ സമീപിച്ചു.

ഏപ്രില്‍ 25ന് ആരംഭിച്ച വിമാന വിലക്ക് വീണ്ടും നീട്ടിയ സാഹചര്യത്തില്‍ ഇളവുകള്‍ തേടി അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സ്വകാര്യ ആശുപത്രികളുടെ വക്താക്കള്‍ അറിയിച്ചു. നാട്ടില്‍ കുടുങ്ങിയിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മുഴുവന്‍ വാക്‌സിനെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബാധകമാക്കണമെന്നാണ് ആവശ്യം.

വിഷയം യുഎഇ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികം വൈകാതെ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

അഞ്ച് ഡോക്ടര്‍മാരും 50 നഴ്‌സുമാരും ഉള്‍പ്പെടെ തങ്ങളുടെ 125 ജീവനക്കാര്‍ ഇന്ത്യയില്‍ കുടുങ്ങിയതായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ അറിയിച്ചു. പുതുതായി റിക്രൂട്ട് ചെയ്ത 200 പേരും ഇങ്ങോട്ട് വരാനാവാത്ത സാഹചര്യത്തിലാണ്. യാത്രാനിരോധനം കാരണം 300 ജീവനക്കാര്‍ക്ക് മടങ്ങിവരാന്‍ പറ്റാത്ത സാഹചര്യമുള്ളതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ വ്യക്തമാക്കി. തങ്ങളുടെ നിരവധി ജീവനക്കാര്‍ ഇന്ത്യയില്‍ ഉള്ളതായി തുമ്പെ ഹെല്‍ത്ത് കെയറും അറിയിച്ചു.
ALSO WATCH