പുതിയ നിയമത്തെക്കുറിച്ചുള്ള ഭീതിയും കോവിഡ് സാഹചര്യവും; യുഎഇയില്‍ വിവാഹങ്ങളുടെ പെരുമഴക്കാലം; ബന്ധുക്കള്‍ പങ്കെടുക്കുന്നത് ഓണ്‍ലൈനില്‍

uae muslim marraige

അബൂദബി: യുഎഇയില്‍ അടുത്ത കാലത്തായി നടന്നത് നിരവധി മലയാളികളുടെ വിവാഹങ്ങള്‍. കോവിഡ് മൂലമുള്ള പുതിയ സാഹചര്യവും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമെന്ന ഭീതിയുമാണ് വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാനിടയാക്കിയത്. നാട്ടില്‍ കോവിഡ് വര്‍ധിച്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടിയതും ക്വാറന്റീന്‍ കാലാവധിയുമെല്ലാം കാരണം വിവാഹം ഇവിടെ നടത്തുകയാണു പലരും. മുസ്ലിം വിവാഹങ്ങളാണു കൂടുതലും. വധുവും വരനും ഇവിടെയാണെങ്കില്‍ ക്രിസ്ത്യന്‍ വിവാഹങ്ങളും നടക്കുന്നുണ്ട്.

മുസ്‌ലിം വിവാഹങ്ങള്‍ക്കു ശരീഅത്ത് നിയമപ്രകാരം വരനും വധുവിന്റെ പിതാവും 2 സാക്ഷികളും വിവാഹ ഉടമ്പടിയില്‍ ഒപ്പുവച്ചാല്‍ മതിയെന്ന സൗകര്യവുമുണ്ട്. വരനും വധുവിന്റെ പിതാവും ഗള്‍ഫിലുള്ള വിവാഹങ്ങളാണു മതപുരോഹിതരുടെ നേതൃത്വത്തില്‍ കൂടുതലും നടക്കുന്നത്. ഇത്തരത്തില്‍ യുഎഇയില്‍ വാരാന്ത്യങ്ങളില്‍ 25ലേറെ വിവാഹം നടക്കുന്നുണ്ട്.

അബൂദബി കേന്ദ്രീകരിച്ച് 21 വിവാഹമാണ് വെള്ളിയാഴ്ച നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒന്‍പത് വിവാഹവും നടന്നു. പ്രവൃത്തി ദിനങ്ങളില്‍ രാത്രിയിലും വിവാഹം നടക്കുന്നുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ച് പത്തു പേരില്‍ താഴെ മാത്രമാണു നേരിട്ടു പങ്കെടുക്കുന്നത്. ഓണ്‍ലൈനില്‍ ഇരുവീട്ടുകാരുടെയും ബന്ധുക്കളും പങ്കെടുക്കാറുണ്ട്. ഗള്‍ഫില്‍ വിവാഹം നടത്തുന്നതിനുള്ള എന്‍ഒസി വധുവരന്മാരുടെ മഹല്ല് പള്ളികളില്‍ നിന്നു നേരത്തെ ശേഖരിക്കും. തുടര്‍ന്ന് ഇവിടെ വിവാഹം നടത്തിയതിന്റെ സാക്ഷ്യപത്രവും ഫോട്ടോയും അതേ ദിവസം തന്നെ നാട്ടില്‍ ഇരു പള്ളികളിലും എത്തിച്ച് റജിസ്റ്റര്‍ ചെയ്ത് വിവാഹം സാധുവാക്കും. മഹല്ലിലെ വിവാഹ സര്‍ട്ടിഫിക്കറ്റുമായി അക്ഷയയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കും.

പിന്നീട് വില്ലേജ് ഓഫിസിലെത്തി വരനും വധുവും ഒപ്പുവയ്ക്കുന്നതോടെ നടപടി പൂര്‍ണമാകും. ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉടന്‍ 21 ആക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതും പലരുടെയും വിവാഹം നേരത്തെയാക്കാന്‍ കാരണമായതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തിനകം നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹങ്ങളാണ് ഇപ്പോള്‍ നടക്കുന്നതില്‍ ഏറെയും.