Monday, May 16, 2022
HomeGulfUAEകുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുവാവ്; സംഭവം അന്വേഷിക്കാതെ ടെലിവിഷന്‍ ചാനല്‍ വാര്‍ത്തയാക്കി; അബൂദബിയില്‍...

കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുവാവ്; സംഭവം അന്വേഷിക്കാതെ ടെലിവിഷന്‍ ചാനല്‍ വാര്‍ത്തയാക്കി; അബൂദബിയില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു

അബൂദബി: കുടുംബത്തിലെ അഞ്ച് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷന്‍ വാര്‍ത്തയുണ്ടാക്കിയ രണ്ടു പേരെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. തന്റെ കുടുംബത്തിലെ അഞ്ചു പേര്‍ കോവിഡിനു കീഴടങ്ങിയതായി ഒരു യുവാവ് അബൂദബിയിലെ ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറോട് പറയുകയായിരുന്നു. വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിക്കാതെ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉടന്‍ തന്നെ അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.

അന്വേഷണത്തില്‍ ഇതു വ്യാജമാണെന്നു കണ്ടെത്തിയ പോലിസ് റിപ്പോര്‍ട്ടറേയും വാര്‍ത്ത കൈമാറിയ യുവാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഈ വാര്‍ത്ത സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു.

വളരെ അപകടം പിടിച്ച വാര്‍ത്തയാണിതെന്നും ആളുകളില്‍ സുരക്ഷാ മുന്‍കരുതലുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു സംശയം ജനിപ്പിക്കാനേ ഇതുപകരിക്കൂ എന്നും ഫെഡറല്‍ ഏജന്‍സി, ക്രൈസിസ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ആക്ടിങ് ഡയറക്ടര്‍ സാലെം അല്‍ സഅബി പറഞ്ഞു. വ്യാജ വാര്‍ത്തയുടെ ഉദ്ദേശ്യമെന്താണെന്ന് അന്വേഷിക്കുന്നതായി ചാനല്‍ ഉടമ അറിയിച്ചു. തങ്ങളുടെ ജീവനക്കാരനെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സസ്‌പെന്‍ഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും ചാനല്‍ ഉടമ അറിയിച്ചു.

കോവിഡ് സംബന്ധിച്ച് നിരുത്തരവാദപരമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അല്‍ സഅബി മുന്നറിയിപ്പ് നല്‍കി.

Most Popular