അബുദാബി: അബുദാബിയില്‍ വിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി. അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനിയായ സെഹയാണ് ഇക്കാര്യം അറിയിച്ചത്. വിസ പുതുക്കുന്നതിനും പുതിയ വിസ എടുക്കുന്നതിനും ഇനി മുതല്‍ കൊവിഡ് നെഗറ്റീവ് ഫലം വേണ്ടി വരും. 72 മണിക്കൂര്‍ മുമ്പെടുത്ത പരിശോധനാ ഫലമാണ് വേണ്ടത്. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി ഹെൽത്ത് സർവീസ് കമ്പനി അറിയിച്ചു.
അബുദാബിയിൽ പൊതു ഓഫീസുകൾ, ഇവന്റുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കാൻ കോവിഡ് -19 നെഗറ്റീവ് ഫലം നിലവിൽ നിര്‍ബന്ധമാണ്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ ഒരിക്കൽ കോവിഡ് -19 പരിശോധനയ്ക്ക് വിധേയമാവേണ്ടതുണ്ട്. ചില മേഖലകളിലെ തൊഴിലാളികൾ, പ്രത്യേകിച്ചും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദ മേഖലകൾ, ആരോഗ്യ പ്രവർത്തകർ, ടൂർ ഗൈഡുകൾ, ടാക്സി ഡ്രൈവർമാർ എന്നിവരുൾപ്പെടെ നിരവധി ആളുകളുമായി ദിവസേന ഇടപഴകുന്നവർ കോവിഡ് -19 പ്രോട്ടോക്കോളുകളുടെ ഭാഗമായി ഇടയ്ക്കിടെ പിസിആർ പരിശോധനകൾക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്.