Saturday, December 4, 2021
HomeNewsKeralaപ്രവാസി ക്ഷേമനിധിയുടെ പേരില്‍ വന്‍ തട്ടിപ്പ്; പണം തട്ടുന്നത് സിപിഎം നേതാവിന്റെ മകന്‍

പ്രവാസി ക്ഷേമനിധിയുടെ പേരില്‍ വന്‍ തട്ടിപ്പ്; പണം തട്ടുന്നത് സിപിഎം നേതാവിന്റെ മകന്‍

ചെന്നൈ: പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വന്‍ പണത്തട്ടിപ്പ്. അബൂദബിയിലെ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകനും സിപിഎം തൃശ്ശൂര്‍ ജില്ലാ നേതാവിന്റെ മകനുമായ നിര്‍മല്‍ തോമസാണ് സര്‍ക്കാര്‍ സേവനത്തിനായി സര്‍വീസ് ഫീസ് എന്ന പേരില്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് പ്രവാസികളില്‍ നിന്നും പണം തട്ടുന്നത്. ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാന്തരമായി മറ്റൊരു വെബ് സൈറ്റുണ്ടാക്കിയാണ് തട്ടിപ്പ്. അംഗത്വത്തിനായി നാലിരട്ടി പണമാണ് ഈടാക്കുന്നത്.

പ്രവാസി മലയാളികള്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനമാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡ്. പ്രവാസിപെന്‍ഷന്‍, ചികിത്സ, പഠനസഹായം എന്നിങ്ങനെ നിരവധി ക്ഷേമപദ്ധതികളുടെ ഗുണഭോക്താവാകാന്‍ അംഗത്വമെടുത്ത് മാസം അംശാദായം അടയ്‌ക്കേണ്ടതുണ്ട്. pravasikerala.org എന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ കയറി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ വെറും 200 രൂപയാണ് ഫീസ്.

എന്നാല്‍ ഇതിന് പകരം nrifuture.com. എന്ന വെബ്‌സൈറ്റ് വഴി പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തുനല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് നിര്‍മല്‍ തോമസ് വന്‍തുക തട്ടുന്നത്. കൊച്ചി ആസ്ഥാനമായി സ്വന്തം ഓഫിസും കസ്റ്റമര്‍ കെയര്‍ സംവിധാനവും ഒക്കെ സ്ഥാപിച്ചാണ് കച്ചവടം. 750 രൂപയാണ് ഫീസ്. ക്ഷേമനിധി ബോര്‍ഡ് വെബ് സൈറ്റില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ 550 രൂപ അധികം. കമ്പനി അക്കൗണ്ടിലേക്ക് പണം അടയ്ക്കാന്‍ ആവുന്നില്ലെങ്കില്‍ നിര്‍മല്‍ തോമസ് എന്നയാളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് അടച്ചാലും മതിയെന്നാണ് നിര്‍ദേശം.

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ മേരി തോമസിന്റെ മകന്‍ നിര്‍മല്‍ തോമസാണ് തട്ടിപ്പ് കമ്പനിയുടെ നടത്തിപ്പുകാരന്‍. ഇയാളുടെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ കൂടിയാണ് പ്രധാനമായും സമാന്തര വെബ് സൈറ്റിന്റെ പ്രചാരണം. ഇടത് അനുഭാവികള്‍ നേതൃത്വം നല്‍കുന്ന അബുദാബിയിലെ സാംസ്‌കാരിക സ്ഥാപനമായ കേരള സോഷ്യല്‍ സെന്റര്‍, ആര്‍ട്‌സ് വിഭാഗം സെക്രട്ടറിയാണ് നിര്‍മല്‍ തോമസ്.
ALSO WATCH

 

Most Popular