Tuesday, October 4, 2022
HomeNewsInternationalക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി ഐ.സി.സി

ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി ഐ.സി.സി

ദുബായ്: ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ചീഫ് എക്‌സിക്യുട്ടീവ്‌സ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഐ.സി.സി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. ഒക്ടോബര്‍ ഒന്നുമുതലാണ് ഈ പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാവുക.

ഒക്ടോബര്‍ ഒന്നുമുതല്‍ വരുന്ന മാറ്റങ്ങള്‍

പന്തില്‍ തുപ്പല്‍ പുരട്ടാനാകില്ല

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ബൗളര്‍മാര്‍ക്ക് പന്തില്‍ തുപ്പല്‍ പുരട്ടാനാനുള്ള അനുമതിയില്ലായിരുന്നു. ഈ പരിഷ്‌കാരം വരും മത്സരങ്ങളിലും തുടരും.

പുതുതായി വരുന്ന ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം

ക്രിക്കറ്റില്‍ സാധാരണയായി ബാറ്റര്‍ ക്യാച്ചെടുത്ത് പുറത്താകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറിലുള്ള ബാറ്റര്‍ പിച്ചിന്റെ പകുതി പിന്നിട്ടാല്‍ സ്‌ട്രൈക്ക് കിട്ടുമായിരുന്നു. എന്നാൽ നോണ്‍സ്‌ട്രൈക്കര്‍ ബാറ്റര്‍ ഓടി മറുക്രീസിലെത്തിയാലും പുതുതായി വരുന്ന ബാറ്റര്‍ തന്നെ അടുത്ത പന്ത് അഭിമുഖീകരിക്കണം.

സമയം രണ്ട് മിനിറ്റാക്കി

പുതുതായി ക്രീസിലെത്തുന്ന ബാറ്റര്‍ രണ്ട് മിനിറ്റിനകം പന്ത് അഭിമുഖീകരിക്കണം. ടെസ്റ്റിലും ഏകദിനത്തിലുമാണ് ഈ നിയമമുള്ളത്. ട്വന്റി 20 യില്‍ ഇത് 90 സെക്കന്‍ഡാണ്.

പിച്ചില്‍ നിന്ന് തന്നെ കളിക്കണം

ബാറ്റര്‍മാര്‍ പിച്ചില്‍ നിന്ന് തന്നെ കളിക്കണമെന്നതാണ് പുതിയ പരിഷ്‌കാരം. ചില പന്തുകള്‍ കളിക്കാനായി താരങ്ങള്‍ പിച്ച് വിട്ട് പുറത്തേക്ക് പോകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അമ്പയര്‍ നോബോള്‍ വിളിക്കും. പിച്ച് വിട്ട് കളിക്കാന്‍ ബാറ്റര്‍ നിര്‍ബന്ധിതനാകുന്ന ഏത് പന്തും ഇനിമുതല്‍ നോബോള്‍ ആയിരിക്കും.

ബൗളറുടെ ശ്രദ്ധതെറ്റിച്ചാല്‍ പണികിട്ടും

പന്തെറിയാന്‍ വരുന്ന ബൗളറുടെ ശ്രദ്ധ തെറ്റിക്കാനായി ബാറ്ററോ ബാറ്റിങ് ടീമിലെ അംഗമോ എന്തെങ്കിലും ചെയ്താല്‍ ബാറ്റിങ് ടീമിന്റെ സ്‌കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറയ്ക്കും. ആ പന്ത് ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും.

പന്തെറിയും മുന്‍പ് സ്‌ട്രൈക്കിലുള്ള ബാറ്ററെ റണ്‍ ഔട്ടാക്കാവില്ല

പന്തെറിയും മുന്‍പ് സ്‌ട്രൈക്കിലുള്ള ബാറ്റര്‍ ക്രീസ് വിട്ട് മുന്നോട്ട് വരികയാണെങ്കില്‍ ബൗളര്‍ക്ക് ബാറ്ററെ റണ്‍ ഔട്ടാക്കാമായിരുന്നു. എന്നാല്‍ ഇനിമുതൽ അതിന് വിലക്കുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പന്ത് ഡെഡ് ബോളായി വിധിക്കും.

മങ്കാദിങ് ഇനിമുതല്‍ സാധാരണ റണ്‍ ഔട്ട്

ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദത്തിന് തിരികൊളുത്തിയ ഒന്നാണ് മങ്കാദിങ്. ബൗളര്‍ പന്തെറിയാന്‍ വരുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറിലുള്ള ബാറ്റര്‍ ക്രീസിന് പുറത്താണെങ്കില്‍ ബൗളര്‍ക്ക് നോണ്‍ സ്‌ട്രൈക്കിലുള്ള വിക്കറ്റില്‍ പന്തെറിഞ്ഞ് ഔട്ടാക്കാം. ഐ.സി.സിയുടെ പുതിയ പരിഷ്‌കാരമനുസരിച്ച് ഇത്തരത്തിലുള്ള ഔട്ട് സാധാരണ റണ്‍ ഔട്ട് വിഭാഗത്തില്‍ പരിഗണിക്കും.

ബൗളിങ് ടീം സമയത്തിനുള്ളില്‍ ഓവര്‍ എറിഞ്ഞിതീര്‍ത്തില്ലെങ്കില്‍ ബൗണ്ടറിയിലുള്ള ഫീല്‍ഡറെ ഫീല്‍ഡിങ് സര്‍ക്കിളിനുള്ളില്‍ നിര്‍ത്തണം. 2022 ജനുവരിയില്‍ ട്വന്റി 20 മത്സരങ്ങളിലാണ് ഈ നിയമം കൊണ്ടുവന്നത്. ഇനിമുതല്‍ ഇത് ഏകദിന മത്സരങ്ങളിലും പ്രാവര്‍ത്തികമാകും. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.

അതുപോലെ മറ്റൊരു തീരുമാനവും ഐ.സി.സി കൊണ്ടുവന്നിട്ടുണ്ട്. ഗ്രൗണ്ടിലെ പിച്ച് മോശമാണെങ്കില്‍ ഇരുടീമുകളുടെയും സമ്മതത്തോടുകൂടി ഹൈബ്രിഡ് പിച്ചുകള്‍ ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വനിതാ ട്വന്റി 20 മത്സരങ്ങളിലാണ് ഈ സൗകര്യമുള്ളത്. ഇനിമുതല്‍ എല്ലാ ഏകദിന ട്വന്റി 20 മത്സരങ്ങളിലും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Most Popular