കപ്പല്‍ ജോയിയുടെ മരണം ആത്മഹത്യ; കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധി മൂലം

joy arackal suicide

ദുബയ്: കേരളത്തില്‍ നിന്നുള്ള പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബയ് പൊലീസ് സ്ഥിരീകരിച്ചു. ഏപ്രില്‍ 23ന് ജോയ് അറക്കല്‍ ബിസിനസ് ബേയിലെ 14ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബര്‍ ദുബയ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം ബിന്‍ സറൂര്‍ അറിയിച്ചു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.

മരണം ആത്മഹത്യ തന്നെയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതായും ബ്രിഗേഡിയര്‍ ബിന്‍ സൂറുര്‍ പറഞ്ഞു. സംഭവസമയത്ത് സൃഹൃത്തിനും മകനുമൊപ്പമായിരുന്നു ജോയ് അറക്കല്‍ ഉണ്ടായിരുന്നത്. പുകവലിക്കാനായി പുറത്തേക്ക് പോയശേഷം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. ഗോള്‍ഡ് കാര്‍ഡ് വിസ കൈവശമുള്ള ജോയ് അറയ്ക്കല്‍ മരിച്ചത് സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാണെന്നും പൊലീസ് വ്യക്തമാക്കി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് എണ്ണ വ്യവസായ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ജോയിയുടെ മരണത്തിലേക്ക് നയിച്ചതായാണ് വിവരം.

ഇരുപത് വര്‍ഷത്തോളമായി യുഎഇ ആസ്ഥാനമായി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കല്‍ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണശുദ്ധീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ജുമൈറയില്‍ ഭാര്യ സെലിന്‍ മക്കളായ അരുണ്‍, ആഷ്‌ലി എന്നിവരോടൊപ്പമായിരുന്നു താമസം. ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ

 

jor arackal house manathawadi1

വയനാട്ടില്‍ ജനിച്ച്, യുഎഇയില്‍ അക്കൗണ്ടന്റായി ലോകത്തെ ഏറ്റവും മികച്ച എണ്ണശുദ്ധീകരണ ശാലകളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം വിസ്മയകരമാണ്. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ ജോയി എന്ന വിളിപ്പേരും സമ്പാദിച്ചു. 40,000 ചതുരശ്രയടിയില്‍ ഏതാണ്ട് 50 കോടിയോളം രൂപ ചെലവിലാണ് മാനന്തവാടിയില്‍ അറയ്ക്കല്‍ പാലസ് എന്ന വീട് ജോയി നിര്‍മിച്ചത്. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്സ്‌കേപ്പും. 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം ഇവിടേക്ക് താമസമായത്.

ശൂന്യതയില്‍ നിന്ന് കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യം

യുഎഇയിലും ഇതര ജിസിസി രാജ്യങ്ങളിലുമായി 11 കമ്പനികളാണ് കപ്പല്‍ ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ സംരംഭങ്ങളുണ്ട്.

തൊണ്ണൂറുകളിലാണ് സന്ദര്‍ശകവിസയില്‍ ജോയ് ദുബയിലെത്തിയത്. എംകോം ബിരുദധാരിയായ അദ്ദേഹം ട്രൈസ്റ്റാര്‍ ട്രാന്‍സ്‌പോര്‍ട്ടിങ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റ് ആയാണ് ഗള്‍ഫിലെ ജീവിതത്തിന് തുടക്കം കുറിച്ചത്. 2,000 ദിര്‍ഹമായിരുന്നു ശമ്പളം. പിന്നീട് അതേ കമ്പനിയില്‍ ഓപ്പറേഷന്‍ മാനേജരായി. തുടര്‍ന്നാണ് ആബലോണ്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനിയില്‍ പങ്കാളിയായത്.

2003 മുതല്‍ 2008 വരെ ‘ആബലോണില്‍’ പ്രവര്‍ത്തിച്ചു. പിന്നീടാണ് സ്വന്തമായി ട്രോട്ടേഴ്സ് എന്ന എണ്ണക്കമ്പനി ആരംഭിക്കുന്നത്. ട്രോട്ടേഴ്സില്‍നിന്ന് ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപിച്ചു. ബില്‍ഡ് മാക്‌സ് എന്ന മറ്റൊരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഷാര്‍ജ ഹംറിയ ഫ്രീസോണില്‍ വന്‍കിട റിഫൈനറി പ്രോജക്ട് അവസാന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് ജോയിയുടെ മരണം. ഇതിനു വേണ്ടി വന്‍തുക മുടക്കിയിരുന്നു. ഈ സമയത്താണ് കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി ഉടലെടുത്തത്. ദുബയില്‍ സ്വന്തമായി എണ്ണക്കപ്പലുകളും അറയ്ക്കല്‍ ജോയിയുടെ ഉടമസ്ഥതയിലുണ്ട്.

Dubai Police have confirmed the death of Joy Arakkal as suicide, a leading industrialist from Kerala.