അബൂദബി: ദുബയിലുള്ള ചൈനയുടെ രഹസ്യ തടവറയില്‍ തന്നെ എട്ട് ദിവസം അടച്ചിട്ടിരുന്നുവെന്ന് ചൈനീസ് യുവതി. മറ്റ് രണ്ട് വൈഗൂര്‍ വംശജര്‍ കൂടി അവിടെ ഉണ്ടായിരുന്നുവെന്നും അവര്‍ അറിയിച്ചു. ചൈന തങ്ങളുടെ അതിര്‍ത്തിക്ക് പുറത്ത് ബ്ലാക്ക് സൈറ്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന രഹസ്യ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നവെന്നതിന്റെ ആദ്യ തെളിവായാണ് ഇത് കാണുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
26 വയസ്സുള്ള വു ഹുവാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പ്രതിശ്രുത വരനെ ചൈന വിമതനായി കണക്കാക്കിയതിനാല്‍ ദുബയില്‍ നിന്ന് ചൈനയിലേക്ക് തന്നെ കൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന് വു ഭയന്നിരുന്നു. ദുബയിലെ ഒരു ഹോട്ടലില്‍ നിന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് വു അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. തുടര്‍ന്ന് ജയിലാക്കി മാറ്റിയ ദുബയിലെ ഒരു വില്ലയില്‍ താമസിപ്പിക്കുകയായിരുന്നു. അവിടെ മറ്റ് രണ്ട് വൈഗൂറുകളെ കൂടി കണ്ടതായും അവര്‍ അറിയിച്ചു.
അവിടെ വച്ച് ചോദ്യംചയ്യലിന് വിധേയയായ അവരെ കൊണ്ട് പ്രതിശ്രുത വരന് വാങ് ജിങ്യുവിനെ കുരുക്കാവുന്ന ചില രേഖകളില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിച്ചു. ജൂണ്‍ 8ന് മോചിപ്പിക്കപ്പെട്ട വു ഇപ്പോള്‍ നെതര്‍ലന്റ്സില്‍ അഭയം തേടാനൊരുങ്ങുകയാണ്.
വിദേശത്ത് നിന്ന് സംശയിക്കപ്പെടുന്ന പൗരന്മാരെ പിടികൂടാനും തിരിച്ചുകൊണ്ട് വരാനും അന്താരാഷ്ട്ര ബന്ധങ്ങള്‍ ചൈന എങ്ങിനെ ഉപയോഗിക്കുന്നു എന്നുള്ളതിന് തെളിവായാണ് ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നത്. വിമതര്‍, അഴിമതിക്കേസില്‍ സംശയിക്കപ്പെടുന്നവര്‍, വൈഗൂറുകള്‍ ഉള്‍പ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ ഈ രീതിയില്‍ ചൈന പിടികൂടുന്നുണ്ട്.
എന്നാല്‍, ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ആരോപണം നിഷേധിച്ചു. ദുബൈ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു.