ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
കേസില്‍ എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ കണ്ടെത്തുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇനി ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഒളിവില്‍ തന്നെയാണ്. കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇവരെ തിരയുന്നത്. സ്വപ്നയ്ക്ക് ഏതാനും ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ചോരുന്നതു തടയാന്‍ കേരള പൊലീസിനെ മാറ്റിനിര്‍ത്തിയാണു കസ്റ്റംസിന്റെ അന്വേഷണം.