ദുബൈ: ദുബയില്‍ ലോക്ക് ചെയ്ത കാറിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങിയ നാല് വയവസ്സുകാരി ശ്വാസംമുട്ടി മരിച്ചു. കുട്ടി കാറിനുള്ളില്‍ ഉള്ളത് ശ്രദ്ധിക്കാതെ പിതാവ് ലോക്ക് ചെയ്തു പോവുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 7.30ഓടെയാണ് സംഭവമെന്ന് ദുബൈ പോലിസ് ക്രൈം സീന്‍ ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ മക്കി സല്മാന് അഹ്മദ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവ് വൈകീട്ട് ഷോപ്പിങ് കഴിഞ്ഞ് വന്നതായിരുന്നു. കാറിലുള്ള സാധനങ്ങള്‍ എടുത്ത് വീട്ടിനകത്ത് എത്തിക്കാന്‍ സഹായിക്കുന്നതിന് പിതാവ് നാല് കുട്ടികളോടും പറഞ്ഞിരുന്നു. ഇതിനിടയില്‍ നാലു വയസ്സുകാരി കാറില്‍ കയറിയിരുന്നത് ശ്രദ്ധിച്ചില്ല. ക്ഷീണിതനായിരുന്ന പിതാവ് നേരെ പോയി കിടക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് നാലു വയസ്സുകാരിയ കാണാനില്ലെന്ന കാര്യം കുടുംബത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കാറില്‍ പോയി നോക്കിയപ്പോള്‍ കുട്ടി മുന്‍സീറ്റില്‍ ചലനമറ്റ നിലയില്‍ കിടക്കുകയായിരുന്നു.
സംഭവത്തില്‍ സംശയകരമായി ഒന്നുമില്ലെന്നും കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പോലിസ് അറിയിച്ചു. കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും ഒരിക്കലും വാഹനത്തില്‍ തനിച്ചിരുത്തി പോവരുതെന്നും കേണല്‍ അഹ്മദ് മുന്നറിയിപ്പ് നല്കി.
ALSO WATCH