Friday, October 22, 2021
HomeNewsfeedസ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത പ്രവാസി ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി

സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത പ്രവാസി ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി

ദുബൈ: ഒറ്റ രാത്രി കൊണ്ട് കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്കെത്തിയ പ്രതീതിയാണ് ബംഗ്ലാദേശ് സ്വദേശിയായ അബ്ദുല്‍ ഖാദറിന്. ദുബൈ മഹ്‌സൂസ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം(ഏകദേശം രണ്ട് കോടി രൂപ) ലഭിച്ചതോടെയാണ് ക്രെയിന്‍ ഓപ്പറേറ്ററായ അബ്ദുല്‍ ഖാദറിന്റെ വര തെളിഞ്ഞത്.

സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത ഈ ബംഗ്ലാദേശ് സ്വദേശിക്ക് ശനിയാഴ്ച്ച രാത്രി നടന്ന 46ാമത് പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പിലാണ് സമ്മാനം തേടിയെത്തിയത്. ബംഗ്ലാദേശില്‍ നിന്നുള്ള ആദ്യ മഹ്‌സൂസ് മില്ല്യനയര്‍ കൂടിയാണ് അബ്ദുല്‍ ഖാദര്‍.

ഒരു മില്ല്യന്‍ ദിര്‍ഹത്തില്‍ എത്ര പൂജ്യമുണ്ടെന്ന് പോലും എനിക്ക് ഇപ്പോഴും അറിയില്ല. 10 വര്‍ഷം മുമ്പാണ് ദുബയിലെത്തിയത്. ലഭിക്കുന്ന ഓരോ ദിര്‍ഹവും കുടുംബത്തിന് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

കിട്ടുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും നാട്ടിലേക്ക് അയക്കേണ്ടി വരുന്നതിനാല്‍ സ്വന്തം ഫോണില്‍ ഇന്റര്‍നെറ്റ് ഡാറ്റ കയറ്റാന്‍ പോലും സാധിക്കാറില്ല. രാത്രി ഷിഫ്റ്റിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. മൊബൈലില്‍ നറുക്കെടുപ്പ് കാണാന്‍ ശ്രമിച്ചെങ്കിലും ബഫറിങ് കാരണം പറ്റുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് നറുക്കെടുപ്പ് ഫലം നോക്കാന്‍ റൂംമേറ്റിനെ വിളിച്ചേല്‍പ്പിച്ചു. അപ്പോഴാണ് നറുക്കെടുപ്പ് ഫലത്തിന്റെ ആറ് നമ്പറുകളില്‍ തന്റെ ടിക്കറ്റിലുള്ള അഞ്ച് നമ്പറുകളും മാച്ച് ചെയ്യുന്നതായി അറിഞ്ഞത്.

തന്നെപ്പോലുള്ള പാവങ്ങള്‍ക്കും പങ്കെടുക്കാമെന്നതാണ് മെഹ്‌സൂസ് നറുക്കെടുപ്പിന്റെ പ്രത്യേകത. ഇത് അഞ്ചാം തവണയാണ് താന്‍ മെഹ്‌സൂസ് ടിക്കറ്റെടുക്കുന്നതെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

കിട്ടിയ പണത്തില്‍ നിന്ന് ആദ്യമായി ചെയ്യാനുദ്ദേശിക്കുന്നത് ഭാര്യക്ക് കുറച്ച് സ്വര്‍ണം വാങ്ങുകയാണ്. ഇത്രയും കാലമായി അവള്‍ക്ക് വേണ്ടി ഒരു തരി പൊന്ന് പോലും വാങ്ങാനായില്ല. ബാക്കി പണം സഹോദരങ്ങളെ സഹായിക്കാനും കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാനും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO WATCH

Most Popular