ദോഹ: യമനില്‍ ബന്ധിയാക്കപ്പെട്ട ദുബയിലെ മലയാളി വ്യവസായി അഞ്ച് മാസത്തിനു ശേഷം നാട്ടിലെത്തി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് പിള്ള(59)യാണ് വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മുംബൈ വഴി നാട്ടിലെത്തിയത്. സംഘര്‍ഷഭരിതമായ സന്‍ആയിലെ അല്‍ ഹൂത്തി ജയിലിലായിരുന്ന സുരേഷ് ഇന്ത്യയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് മോചിതനായത്.
മുംബൈയിലെ ചത്രപതി ശവജി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ മകന്‍ ജിതിന്‍ സുരേഷിനെ സ്വീകരിച്ചു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പിതാവ് നരകതുല്യമായ നാളുകളിലൂടെയാണ് കടന്നുപോയതെന്നും ഇത് അദ്ദേഹത്തിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും ജിതിന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
സുരേഷ് ജൂലൈ 2നാണ് ദുബയില്‍ നിന്ന് ബിസിനസ് ആവശ്യത്തിനായി യമനിലേക്കു പോയത്. സുദാന്‍ വഴിയായിരുന്നു യാത്ര. കര്‍ണാടകയിലെ ബെല്‍ഗാമില്‍ സുരേഷ് തുടങ്ങാനിരുന്ന എഥനോള്‍ ഫാക്ടറിക്കു വേണ്ടി ഫണ്ട് കണ്ടെത്താനായിരുന്നു യാത്ര. 140 ഏക്കര്‍ സ്ഥലത്താണ് മില്യന്‍ കണക്കിന് ഡോളര്‍ ചെലവ് വരുന്ന ഫാക്ടറി തുടങ്ങാനിരുന്നത്.
ഫാക്ടറി ഏതാണ്ട് പൂര്‍ണതയില്‍ എത്താറായപ്പോഴേക്കും സുരേഷ് പിള്ളയുടെ കൈയിലുണ്ടായിരുന്ന ഫണ്ട് മുഴുവന്‍ തീര്‍ന്നു. ഇതോടെ പദ്ധതി നിഷ്‌ക്രിയ ആസ്തിയായി ബാങ്ക് പ്രഖ്യാപിച്ചു. തുടര്‍ന്നാണ് മറ്റു വഴികളില്‍ ഫണ്ട് കണ്ടെത്തുന്നതിന് സുരേഷ് ശ്രമം തുടങ്ങിയത്.
യമനിലെ ചില സ്വകാര്യ ഏജന്‍സികളാണ് സുരേഷിന് പണയത്തിന് ലോണ്‍ നല്‍കാമെന്നേറ്റത്.
തന്റെ കൈയിലുണ്ടായിരുന്ന വസ്തുവിന്റെ രേഖകള്‍ പണയമായി നല്‍കിയതിനെ തുടര്‍ന്ന് 67 ദശലക്ഷം നിക്ഷേപമുള്ള ബാങ്ക് എക്കൗണ്ട് സുരേഷിന്റെ പേരില്‍ തുറന്നതായുള്ള രേഖ യമനിലുള്ള കക്ഷികള്‍ അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് ഫണ്ട് ബാങ്കില്‍ നിന്ന് എടുക്കുന്നതിനുള്ള മറ്റു നടപടികള്‍ക്ക് വേണ്ടി സുരേഷിനോട് യമനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അവിടെയെത്തിയ സുരേഷ് തടവിലാവുകയായിരുന്നു. എന്ത് കാരണത്താലാണ് സുരേഷിനെ തടവിലാക്കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ടില്‍ പറയുന്നു.