ദുബൈ: ദുബയില്‍ ബാങ്ക് പ്രതിനിധികളെന്ന വ്യാജേന വിവരങ്ങള്‍ കൈക്കലാക്കിയ രണ്ടുപേര്‍ പ്രവാസി യുവതിയുടെ പേരില്‍ 1,60,000 ദിര്‍ഹത്തിന്റെ ലോണെടുത്തു. ക്രെഡിറ്റ് കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ വിളിക്കുന്നതാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാര്‍ യുവതിയില്‍ നിന്ന് വിവരങ്ങള്‍ തേടിയതെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
ഈ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ചേര്‍ന്ന് യുവതിയുടെ പേരില്‍ 1,60,000 ദിര്‍ഹത്തിന്റെ ലോണിന് അപേക്ഷിക്കുകയായിരുന്നുവെന്ന് സീനിയര്‍ പ്രോസിക്യൂട്ടര്‍ മക്തൂം ഉബൈദ് അല്‍ ശംസി പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപിയും ഉള്‍പ്പെടെ യുവതി തട്ടിപ്പുകാര്‍ക്ക് നല്‍കിയിരുന്നു.
ലോണ്‍ പാസായ ഉടനെ തട്ടിപ്പുകാര്‍ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലിസ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെ പേരില്‍ ചാര്‍ത്തിയിട്ടുള്ളത്.