ദുബൈ: ദുബൈയിലെ സുരക്ഷിതത്വത്തില്‍ വിശ്വസിച്ച് ഒരിക്കലും തന്റെ വില്ല അടച്ചിടാറില്ലാത്ത എന്‍ജിനീയര്‍ ഒരു അര്‍ധരാത്രിയില്‍ വീടിനകത്ത് കള്ളനെ കണ്ട് ഞെട്ടി. ലിബിയക്കാരനായ എന്‍ജിനീയര്‍ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് തന്റെ അനുഭവം വിവരിച്ചത്.
അല്‍ഗറൂദിലെ വില്ലയിലാണ് അദ്ദേഹം 10 വര്‍ഷമായി താമസിക്കുന്നത്. ദുബൈയിലെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ കാരണം താന്‍ ഒരിക്കലും വാതില്‍ ലോക്ക് ചെയ്യാറില്ല-അദ്ദേഹം കോടതിയോട് പറഞ്ഞു. എന്നാല്‍, ഒരു ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് എന്തോ ശബ്ദം കേട്ടുണര്‍ന്ന അദ്ദേഹം ലിവിങ് റൂമിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുന്ന മോഷ്ടാവിനെയാണ് കണ്ടത്.
അയാള്‍ മാസ്‌ക്ക് ധരിച്ചിരുന്നു. ഞാന്‍ അലറിക്കൊണ്ട് പാഞ്ഞടുത്തപ്പോള്‍ അയാള്‍ രക്ഷപ്പടാന്‍ ശ്രമിച്ചു. എന്നെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് അക്രമിച്ച മോഷ്ടാവിനെ തടയാന്‍ ഞാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യ പോലിസിനെ വിളിച്ചു. ഉടന്‍ കുതിച്ചെത്തിയ പോലിസ് മോഷ്ടാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു-ലിബിയന്‍ എന്‍ജിനീയര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
63 വയസ്സുകാരനായ സുദാന്‍കാരനെയാണ് അറസ്റ്റ് ചെയ്തതെന്നും അയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ദുബൈ പോലിസ് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. താന്‍ മദ്യപിച്ചിരുന്നതിനാല്‍ എന്തിനാണ് വില്ലക്കകത്തേക്ക് കയറിയതെന്ന് അറിയില്ലെന്നും വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നും പ്രതി അവകാശപ്പെട്ടു.
പ്രതിക്കെതിരേ കവര്‍ച്ചാ ശ്രമത്തിന് ദുബൈ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. കേസ് സപ്തംബര്‍ 20ന് വീണ്ടും വാദംകേള്‍ക്കും.
Dubai expat who never locked his villa is shocked to find drunken thief inside