ദുബൈ: ഇന്ത്യക്കാരനായ തൊഴിലാളിയുടെ 7,62,000(ഏകദേശം ഒന്നരക്കോടിയിലേറെ രൂപ) ദിര്‍ഹത്തിന്റെ ബില്ല് സൗജന്യമാക്കി ദുബായിലെ ഹോസ്പിറ്റല്‍. ഹൈദരാബാദ് സ്വദേശി രാജേഷ് ലിങ്കയ്യ ഒഡ്നാലയെ(42) കൊവിഡ് ബാധിച്ച് ഏപ്രില്‍ 23നാണ് ദുബായിലെ ‘ദുബൈ ഹോസ്പിറ്റലി’ല്‍ അഡ്മിറ്റ് ചെയ്തത്. 80 ദിവസത്തെ ചികില്‍സയ്ക്ക് 762,555 ദിര്‍ഹത്തിന്റെ ബില്ലാണ് വന്നത്.
അവസാന ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഒഡ്നാലയെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം. എന്നാല്‍, സാധാരണ തൊഴിലാളിയായ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ തുകയുടെ ബില്ല് ചിന്തിക്കാനാവാത്തതായിരുന്നു. ഒരു പ്രവാസി സംഘടനയാണ് വിഷയം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുകയും മാനുഷിക പരിഗണന വച്ച് ബില്ല് ഒഴിവാക്കി കൊടുക്കാന്‍ അഭ്യര്‍ഥിച്ച് കൊണ്ട് കത്തെഴുതുകയും ചെയ്തു.
കോണ്‍സുലേറ്റിന്റെ കത്തിനോട് ആശുപത്രി അനുകൂലമായി പ്രതികരിക്കുകയും ബില്‍ തുക പൂര്‍ണമായും ഒഴിവാക്കി നല്‍കുകയുമായിരുന്നു. ഇത്രയും വലിയ ബില്‍ തുക സൗജന്യമാക്കിയ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ കാരുണ്യത്തിന് അങ്ങേയറ്റത്തെ നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.
കോണ്‍സുലേറ്റ് നല്കിയ സൗജന്യ ടിക്കറ്റില്‍ ജൂലൈ 14ന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഒഡ്നാല നാടണഞ്ഞു.
Dubai hospital waives Dh762,000 bill of Indian Covid-19 patient