ദുബൈ: കോവിഡ് സാഹചര്യത്തില്‍ വീട്ടിലിരുന്നുള്ള ജോലി വ്യാപകമായതോടെ വലവിരിച്ച് സൈബര്‍ തട്ടിപ്പുകാര്‍. താരതമ്യേന സുരക്ഷ കുറഞ്ഞ വ്യക്തിഗത കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് ഇവര്‍ ഒരുമാസം നേടുന്നത് ശരാശരി 90,000 ഡോളര്‍. വിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന രാജ്യാന്തര സംഘങ്ങള്‍ കൂടുതല്‍ സജീവമാകുകയാണെന്നാണു റിപ്പോര്‍ട്ട്.
‘അപരന്മാര്’ ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകാര്‍ പിടിമുറുക്കിയോടെ അക്കൗണ്ടുകള്‍ കാലിയാകുന്നവരുടെ എണ്ണം കൂടുന്നു. ഇവരെ നേരിടാന്‍ ഒരു വ്യക്തിയോ സ്ഥാപനമോ രാജ്യമോ മാത്രം വിചാരിച്ചിട്ടു കാര്യമില്ലെന്നും ദുബയില്‍ നടന്ന രാജ്യാന്തര സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 30 രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍, കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ത്രിദിന രാജ്യാന്തര സമ്മേളനം സമാപിച്ചു.
വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സംവിധാനം സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മാത്രമല്ല, തട്ടിപ്പുകാര്‍ക്കും ഏറെ സൗകര്യമായെന്നു സൈബര്‍ സുരക്ഷാ ഏജന്‍സി സ്ക്വയര്‍ സ്ഥാപക പൌല ജനുക്വിവിക്സ് പറഞ്ഞു. ലക്ഷക്കണക്കിനു ജീവനക്കാര്‍ ഓഫിസില്‍ പോകാതെ ജോലി ചെയ്യുമ്പോള്‍ അത് തട്ടിപ്പുകാര്‍ക്ക് വലിയ അവസരമാണ് ഒരുക്കുന്നത്.
സുഹൃത്തായും കമ്പനി പ്രതിനിധികളായും ഏതുസമയത്തും ഇവര്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടേക്കാം. സൈബര്‍ ചതിക്കുഴികളെകുറിച്ച് അറിയാത്ത സാധാരണക്കാര്‍ അതിവേഗം ഇരകളാകുന്നു. വിവിധ രാജ്യങ്ങള്‍ സംയുക്തമായി പ്രതിരോധ നിരയൊരുക്കണമെന്നും ചൂണ്ടിക്കാട്ടി.
വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും ആന്റി വൈറസ് സോഫ്റ്റവെയറുകള് ഇന്‍സ്റ്റാള്‍ ചെയ്യുക, അത് സ്ഥിരമായി അപ്ഡേറ്റ് ചെയ്യുക, പാസ്വേഡുകള് ഇടയ്്ക്കിടെ മാറ്റുകയും സുരക്ഷിതമാക്കുകയും ചെയ്യുക, സംശയകരമായ ലിങ്കുകളോ വെബ്സൈറ്റുകളോ തുറക്കാതിരിക്കുക, പൂര്‍ണമായും ഉറപ്പ് വരുത്താതെ ആര്‍ക്കും വിവരങ്ങള്‍ കൈമാറാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.