ദുബയ്: ദുബയില്‍ മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ലേബര്‍ ക്യാംപുകളില്‍ കൊറോണ പോസിറ്റീവായ രോഗികളും രോഗബാധയില്ലാത്തവരും ഒരുമിച്ച് കഴിയുന്നു. ക്വാറന്റൈന്‍ സൗകര്യമില്ലാത്തതും കമ്പനി അധികൃതര്‍ കൈയൊഴിഞ്ഞതുമാണ് ഈ ദുരവസ്ഥയ്്ക്കു കാരണം.
കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ ഞങ്ങള്‍ ഇപ്പോഴും ലേബര്‍ ക്യാംപില്‍ കഴിയുകയാണെന്ന് ദുബയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുന്ന തിരുവന്തപുരം സ്വദേശി പറഞ്ഞു. മറ്റുള്ളവരുമായി ഇടപഴകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെങ്കിലും രോഗികളായ മറ്റു രാജ്യക്കാര്‍ ഇതൊന്നും കാര്യമാക്കാതെ എല്ലാവരുമായും ബന്ധപ്പെടുന്നുണ്ട്. കമ്പനി അധികൃതര്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്ത സ്ഥിതിതാണെ്‌നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ക്കു കൃത്യമായ പരിചരണവും ശ്രദ്ധയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ദുബയ് ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാ കമ്പനി അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കപ്പെടുന്നില്ല. പല കമ്പനികളും തങ്ങളെ കയ്യൊഴിഞ്ഞ മട്ടിലാണെന്നു ലേബര്‍ ക്യാംപുകളിലെ കോവിഡ് ബാധിതനായ കാസര്‍കോഡ് സ്വദേശി പറഞ്ഞു. ഇതോടെ ക്യാംപുകളിലുള്ള നൂറുകണക്കിന് ഇന്ത്യക്കാര്‍ ആശങ്കയിലാണ്.
നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി നിരവധി പേരുണ്ടെങ്കിലും ഇപ്പോള്‍ കൊണ്ടുവരാനാവില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വര്‍സാനില്‍ പ്രത്യേകം സജ്ജമാക്കുന്ന കെട്ടിടങ്ങളിലേക്കാണ് ദുബയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായ തൊഴിലാളികളെ മാറ്റുന്നത്. ഇവിടത്തെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ പേരെ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യമൊരുങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ മാത്രം യുഎഇയില്‍ നാലുപേരാണ് കൊറോണ മൂലം മരിച്ചത്. ഇതോടെ യുഎഇയില്‍ കോവിഡ് മരണ സംഖ്യ ഇരുപതിലെത്തി. 376 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.