ദുബയില്‍ തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡ്; ഷോപ്പിങിനും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരവധി ഇളവുകള്‍ ലഭിക്കും

Excellence-Cards-for-labour

ദുബൈ: മികവ് പുലര്‍ത്തുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് വമ്പന്‍ ഓഫറുമായി ദുബൈ. ഇത്തരം തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തുന്ന എക്‌സലന്‍സ് കാര്‍ഡുകള്‍ ഉപയോഗിച്ച് ദുബയിലെ സര്‍ക്കാര്‍ ഏജന്‍സികളിലും മാളുകളിലും ഇതര വ്യാപാര സ്ഥാപനങ്ങളിലും 25 ശതമാനം മുതല്‍ 50 ശതമാനം വരെ ഇളവുകള്‍ നേടാനാവും. 2020ലെ തഖ്ദീര്‍ അവാര്‍ഡില്‍ 4, 5 സ്റ്റാറുകള്‍ ലഭിച്ച് മികവ് പുലര്‍ത്തിയ 15 കമ്പനികളിലെ അരലക്ഷം തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കാര്‍ഡ് ലഭിക്കുക.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ), ദുബായ് വൈദ്യുതിജല അതോറിറ്റി (ദീവ), ദുബൈ മുനിസിപാലിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ദുബൈ എമിഗ്രേഷന്‍) എന്നിങ്ങനെ 4 സര്‍ക്കാര്‍ വകുപ്പുകളിലാണ് 35 ലേറെ ഇന്‍സെന്റീവുകള്‍ ലഭിക്കുകയെന്ന് കാര്‍ഡ് അനുവദിക്കുന്ന തഖ്ദീര്‍ അവാര്‍ഡിനെ ഉദ്ധരിച്ച് ദുബൈ മീഡിയാ ഓഫീസ് പറഞ്ഞു.

രണ്ട് തരം കാര്‍ഡുകളാണ് ഉണ്ടാവുക. ഒന്നാമത്തെ ഗോള്‍ഡ് കാര്‍ഡ് 4, 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചവര്‍ക്കാണ് ലഭിക്കുക. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാകും. രണ്ടാമത്തെ ബ്ലൂ കാര്‍ഡ് ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് തങ്ങളുടെ താമസ സ്ഥലത്തിനടുത്തെ മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേക വിലക്കുറവുകള്‍ സ്വന്തമാക്കാനാകും. ഈ മാസം 17ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ റാഷിദ് ഹാളില്‍ നടക്കുന്ന തഖ്ദീര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ എക്‌സലന്റ് കാര്‍ഡുകള്‍ പ്രഖ്യാപിക്കും.
ALSO WATCH