ദുബൈ: സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്ത് വ്യാജ സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. യൂറോപ്പുകാരിയെയാണ് ദുബൈ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങളുടെയും സാമഗ്രികളുടെയും വന്‍ ശേഖരം പിടികൂടി.
അധികൃതരുടെ ലൈസന്‍സ് ഇല്ലാതെയാണ് ബോട്ടക്‌സ്, ഫില്ലേഴ്‌സ് തുടങ്ങിയ ശസ്ത്രക്രിയകള്‍ ഇവര്‍ സ്വന്തം ഫ്‌ളാറ്റില്‍ നടത്തിയിരുന്നത്. സ്വന്തം രാജ്യത്ത് നിന്ന് നേടിയ മുറി അറിവു വച്ച് ഇവര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലെം അല്‍ ജല്ലാഫ് പറഞ്ഞു.
പ്രതി സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പരസ്യം പിന്തുടര്‍ന്നാണ് യുവതിയെ കുടുക്കിയതെന്ന് ആന്റി ഇക്കണോമിക് ക്രൈംസ് വിഭാഗം ഡപ്യുട്ടി ഡയറക്ടര്‍ കേണല്‍ ഉമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് പറഞ്ഞു. ദുബൈ പൊലീസിലെ കൊമേഴ്‌സ്യല്‍ ഫ്രോഡ്, ആന്റിഹാക്കിങ് വിഭാഗവും കേസില്‍ കൈകൊര്‍ത്തു.
സമൂഹമാധ്യമത്തിലുടെ വലവീശല്‍

സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതി ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ആരെയും സുന്ദരിയാക്കും എന്ന പരസ്യം നല്‍കാന്‍ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റാഗ്രാം പേജായിരുന്നു മുഖ്യമായും ഉപയോഗിച്ചിരുന്നത്. ഇതുവഴി അപോയിന്‍മെന്റ് എടുക്കുന്നവരെ നിശ്ചിതസമയത്ത് തന്റെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ചാണ് ചികിത്സ നടത്തുന്നത്.
രഹസ്യവനിതാ പോലീസിന്റെ മിന്നല്‍ നടപടി

ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് യുവതിയെ ബന്ധപ്പെട്ട വനിതാ രഹസ്യ പൊലീസാണ് അറസ്റ്റിന് വഴിയൊരുക്കിയത്. ഫ്‌ളാറ്റിലേയ്ക്ക് ചെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് യുവതിക്ക് ചികിത്സ ആരംഭിച്ചപ്പോള്‍ പൊലീസ് സംഘം ഫ്‌ളാറ്റ് വളയുകയായിരുന്നു.
കോവിഡ് കാരണം രാജ്യത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന ആശുപത്രികളും ക്ലിനിക്കുകളും അടച്ചതാണ് പ്രതിക്ക് കൊയ്ത്തായത്. അവസരം മുതലെടുത്ത ഇവര്‍ വന്‍തുക സമ്പാദിച്ചിട്ടുണ്ട്.