പ്രവാസികള്‍ക്ക് യുഎഇ പൗരത്വം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഇമിഗ്രേഷന്‍ സര്‍വീസ് ഓഫിസ് അടപ്പിച്ചു

dubai closed

ദുബൈ: യുഎഇയില്‍ പൗരത്വം ലഭിക്കാന്‍ സഹായിക്കാമെന്ന് വ്യാജവാഗ്ദാനം നല്‍കിയ ഇമിഗ്രേഷന്‍ ഓഫിസ് അധികൃതര്‍ അടപ്പിച്ചു. അധികൃതരുടെ അനുമതിയില്ലാതെ ഈ ഓഫിസില്‍ നിന്ന് പൗരത്വ അപേക്ഷകള്‍ സ്വീകരിച്ചിരുന്നതായി ദുബൈ എക്കോണമി അറിയിച്ചു.

100 ദശലക്ഷം ദിര്‍ഹത്തിന്റെ സമ്പാദ്യമുള്ളവിര്‍ നിന്ന് 10,000 ഡോളര്‍ ആണ് പ്രോസസിങ് ഫീസ് എന്ന പേരില്‍ വാങ്ങിയിരുന്നത്. അപേക്ഷകര്‍ നല്‍കുന്ന വിശദാംശങ്ങള്‍ പരിശോധിക്കുകയും യോഗ്യരായവരുടെ അപേക്ഷ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയും ചെയ്യുമെന്നായിരുന്നു വാഗ്ദാനം.

ഇതിന് ഔദ്യോഗിക അംഗീകാരമില്ല എന്നു മാത്രമല്ല, ഈയിടെ ഭേദഗതി ചെയ്ത യുഎഇ സിറ്റീസന്‍ഷിപ്പ് നിയമത്തിന് എതിരുമാണ് ഇവിടത്തെ നടപടികള്‍. നിയമപ്രകാരം പൗരത്വ അപേക്ഷയ്ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. 2021ല്‍ പ്രഖ്യാപിച്ച ഭേദഗതി പ്രകാരം നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, സൃഷ്ടിപരമായി കഴിവുള്ളവര്‍, പുതിയ കണ്ടുപിടിത്തങ്ങള്‍ നത്തുന്നവര്‍, അവരുടെ കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന് യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.