ദുബൈ: ക്വാറന്റീനില്‍ കഴിയുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കാന്‍ യുഎഇയില്‍ സ്മാര്‍ട് വാച്ച് സംവിധാനം. ക്വാറന്റീന് കാലം കഴിയും മുമ്പ് അഴിക്കാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയാണ് ചുമത്തുന്നത്. കഴിഞ്ഞ ദിവസം വാച്ച് അഴിക്കാന്‍ ശ്രമിച്ച മലയാളിക്ക് അര ലക്ഷം ദിര്‍ഹം പിഴ ചുമത്തിയതായി അറിയിച്ച് എസ്എംഎസ് സന്ദേശം ലഭിച്ചു.
14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന നിയമം ലംഘിക്കുന്നുണ്ടോ എന്നത് വാച്ചിലൂടെ നിരീക്ഷിക്കും. ദൈനംദിന ആരോഗ്യവിവരങ്ങള്‍ നിരീക്ഷിക്കാനും വാച്ചില്‍ സംവിധാനമുണ്ട്. വാച്ച് ഓഫാക്കാനോ അഴിക്കാനോ പാടില്ല.
വയര്‍ലസ് ചാര്‍ജര്‍ ഉപയോഗിച്ച് സമയബന്ധിതമായി ചാര്‍ജ് ചെയ്യണം. താമസ സ്ഥലത്ത് എത്തിയാല്‍ ഉടന്‍ ലൊക്കേഷന്‍ ബന്ധപ്പെട്ട നമ്പറില്‍ അയച്ചുകൊടുക്കണം. 12 ദിവസം കഴിഞ്ഞാല്‍ നിശ്ചിത നമ്പറില്‍ വിളിച്ച് അറിയിക്കുകയും ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവായാല്‍ അധികൃതര്‍ തന്നെ വാച്ച് അഴിച്ചു മാറ്റും.
വിവിധ എമിറേറ്റുകളിലെ വിമാനത്താവളങ്ങള്‍ വഴി യുഎഇയിലെത്തി റോഡ് മാര്‍ഗം അബൂദബിയിലേക്കു കടക്കുന്ന രാജ്യാന്തര യാത്രക്കാര്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ സ്മാര്ട്ട്് വാച്ച് ധരിപ്പിക്കുന്നത്. ഇവരെ തിരിച്ചറിയാന്‍ എയര്പോര്ട്ടില്വച്ചുതന്നെ പാസ്പോര്ട്ടില് പിഎച്ച് എന്ന സ്റ്റിക്കറും പതിക്കുന്നുണ്ട്. അബൂദബിയിലേക്കുള്ള പ്രവേശനം താമസ വിസയുള്ളവര്‍ക്കു മാത്രമായതിനാല്‍, സന്ദര്‍ശക വിസ ലഭിച്ച മലയാളികള്‍ അടക്കമുള്ളവര്‍ മറ്റ് എമിറേറ്റുകളില്‍ വിമാനമിറങ്ങി അബൂദബിയില്‍ എത്തുന്നുണ്ട്.
ഇവര്‍ക്കായി ദുബൈ-അബൂദബി അതിര്‍ത്തിയായ ഗന്തൂത്തില്‍ പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. ഇവിടെ എത്തി വ്യക്തിഗത വിവരങ്ങളും ക്വാറന്റീനില്‍ കഴിയുന്ന സ്ഥലവും എഴുതി നല്‍കുന്നതോടെയാണ് സ്മാര്‍ട്ട് വാച്ച് ധരിപ്പിക്കുക.