Wednesday, January 19, 2022
HomeEdiotrs Pick10 വര്‍ഷത്തിന് ശേഷം പ്രവാസി ഭാര്യയെയും മകളെയും വിമാനത്താവളത്തിലെ ട്രാന്‍സിറ്റില്‍ ചേര്‍ത്തുപിടിച്ചു; നന്ദി ദുബൈ പോലിസ്

10 വര്‍ഷത്തിന് ശേഷം പ്രവാസി ഭാര്യയെയും മകളെയും വിമാനത്താവളത്തിലെ ട്രാന്‍സിറ്റില്‍ ചേര്‍ത്തുപിടിച്ചു; നന്ദി ദുബൈ പോലിസ്

ദുബൈ: ദുബൈ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് ഏരിയയില്‍ ഇന്നലെ ആ കുടുംബത്തിന് ആനന്ദക്കണ്ണീരിന്റെ ദിനമായിരുന്നു. 10 വര്‍ഷത്തിന് ശേഷമുള്ള ഏഷ്യന്‍ പ്രവാസിയുടെയും കുടുംബത്തിന്റെയും സംഗമത്തിനാണ് ദുബൈ വിമാനത്താവളം സാക്ഷിയായത്.

ഭാര്യയും മകളും ദുബൈ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 വഴി ട്രാന്‍സിറ്റ്(യാത്രയ്ക്കിടയിലെ താല്‍ക്കാലിക സ്‌റ്റോപ്പ്) ചെയ്യുന്നുണ്ടെന്നും അവരെ കാണാന്‍ വഴിയൊരുക്കണമെന്നും പ്രവാസി ദുബൈ പോലിസിനോട് അഭ്യര്‍ഥിക്കുകയായിരുന്നു.

വ്യക്തിപരമായ സാഹചര്യങ്ങളാല്‍ 10 വര്‍ഷമായി കുടുംബത്തിനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം ഏഷ്യന്‍ പ്രവാസി പോലിസിനോട് വിശദീകരിച്ചു. ദീര്‍ഘ കാലത്തിന് ശേഷം കുടുംബത്തെ കാണാനുള്ള ആഗ്രഹം പോലിസ് സാധിച്ചു തരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹമെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി അതീഖ് ബിന്‍ ലഹജ് പറഞ്ഞു.

അത് സാധിച്ചുകൊടുക്കാന്‍ തങ്ങള്‍ തീരുമാനിച്ചു. തുടര്‍ന്ന് കുടുംബത്തിന് ട്രാന്‍സിറ്റ് ഏരിയയില്‍ വച്ച് പരസ്പരം കാണാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി.

തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് കുടുംബം ദുബൈ പോലിസിനെ നന്ദി അറിയിച്ചു. നന്ദി, ദുബൈ പോലിസ്. നിങ്ങള്‍ എന്നെ ലോകത്തെ ഏറ്റവും സന്തോഷമുള്ള പിതാവാക്കി-എന്നായിരുന്നു പ്രവാസിയുടെ പ്രതികരണം.

Most Popular