Wednesday, December 1, 2021
HomeNewsfeed49 കൊക്കെയിന്‍ ക്യാപ്‌സൂളുകള്‍ വയറ്റില്‍ ഒളിപ്പിച്ച് ദുബയിലെത്തിയ പ്രവാസിക്ക് 10 വര്‍ഷം തടവ്

49 കൊക്കെയിന്‍ ക്യാപ്‌സൂളുകള്‍ വയറ്റില്‍ ഒളിപ്പിച്ച് ദുബയിലെത്തിയ പ്രവാസിക്ക് 10 വര്‍ഷം തടവ്

ദുബൈ: വയറ്റില്‍ ഒളിപ്പിച്ച് 49 കൊക്കെയിന്‍ ക്യാപ്‌സൂളുകള്‍ ദുബയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് ദുബൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു. 47 വയസ്സുകാരനായ ആഫ്രിക്കന്‍ സ്വദേശിയെ ജയില്‍ ശിക്ഷയ്ക്ക് ശേഷം നാട് കടത്തും.

2020 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈ എയര്‍പോര്‍ട്ടില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ പ്രതിയുടെ ബാഗുകളും മറ്റും പരിശോധിച്ചെങ്കിലും നിരോധിത വസ്തുക്കള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ആഫ്രിക്കക്കാരനെ എക്‌സ്‌റേ മെഷീനില്‍ സ്‌കാന്‍ ചെയ്തു. ഈ സമയത്ത് 49 കൊക്കെയിന്‍ ക്യാപ്‌സൂളുകള്‍ വയറ്റിലുള്ളതായി പ്രതി സമ്മതിക്കുകയായിരുന്നു. ഏകദേശം ഒരു കിലോഗ്രാം കൊക്കെയിനാണ് വയറ്റിലുണ്ടായിരുന്നത്.

നാട്ടുകാരനായ ഒരാള്‍ ഏല്‍പ്പിച്ചതാണ് ഇവയെന്ന് പ്രതി അറിയിച്ചു. 53 ക്യാപ്‌സൂളുകളാണ് ഏല്‍പ്പിച്ചത്. പണത്തിന് അത്യാവശ്യമുള്ളതിനാലാണ് ഇത് ഏറ്റെടുത്തത്. ക്യാപ്‌സൂളുകളില്‍ നാലെണ്ണം ദുബൈ എയര്‍പോര്‍ട്ടിലെ വാഷ്‌റൂമില്‍ ഇയാള്‍ ഉപേക്ഷിച്ചിരുന്നു.

 

Most Popular