10 നഗരങ്ങളിലേക്ക് ട്രാവല്‍ പാസ് സംവിധാനമൊരുക്കി എമിറേറ്റ്‌സ്; അല്‍ഹുസ്ന്‍ ആപ്പുമായി ബന്ധിപ്പിക്കും

Emirates

ദുബൈ: പത്ത് നഗരങ്ങളിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് അയാട്ട ട്രാവല്‍ പാസ് സൗകര്യമൊരുക്കി എമിറേറ്റ്‌സ്. യുഎഇ കോവിഡ് ആപ്പ് ആയ അല്‍ഹുസ്‌നുമായി ചെക്ക്-ഇന്‍ സംവിധാനം ബന്ധിപ്പിക്കാനും എമിറേറ്റ്‌സ് തീരുമാനിച്ചു.

കടലാസും കോണ്ടാക്ടും ഇല്ലാതെ യാത്രാ രേഖകള്‍ ഡിജിറ്റലി വെരിഫൈ ചെയ്യുന്നതിനുള്ള സംവിധാനം എമിറേറ്റ്‌സ് കാര്യക്ഷമമായി നടപ്പാക്കി വരുന്നതായി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ആദില്‍ അല്‍ റിദ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അയാട്ട ട്രാവല്‍ പാസും ഹെല്‍ത്ത് ഡാറ്റാബേസും ഉപയോഗപ്പെടുത്തുന്നത്.

ദുബയില്‍ നിന്ന് ലണ്ടന്‍, ബാഴ്‌സലോണ, മാഡ്രിഡ്, ന്യൂയോര്‍ക്ക്, മോസ്‌ക്കോ, ഫ്രാങ്ക്ഫര്‍ട്ട്, ചാള്‍സ് ഡി ഗോല്ലെ, ആംസ്റ്റര്‍ഡാം എന്നീ നഗരങ്ങളിലേക്ക് പറക്കുന്നവര്‍ക്ക് അയാട്ട ട്രാവല്‍ പാസ് ഉപയോഗിക്കാം. പിസിആര്‍ പരിശോധന നടത്തിയ ലാബ് ഉള്‍പ്പെടെ കോവിഡുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങള്‍ കൈമാറുന്നതിനും കോവിഡ് യാത്രാ രേഖകള്‍ മാനേജ് ചെയ്യുന്നതിനും അയാട്ട ട്രാവല്‍ പാസ് ഉപകരിക്കും.

അയാട്ട ട്രാവല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും ആക്ടിവേഷന്‍ കോഡും ഉള്‍പ്പെട്ട ഇമെയിലും എസ്എംഎസും എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ലഭിക്കും. ഐഒഎസിലും ആന്‍ഡ്രോയിഡിലും ആപ്പ് ലഭ്യമാണ്.

ജൂലൈ മുതല്‍ എമിറേറ്റ്‌സ് ചെക്ക്-ഇന്‍ സംവിധാനവുമായി അല്‍ഹുസ്ന്‍ ആപ്പ് ബന്ധിപ്പിക്കും. ഇതിലൂടെ യുഎഇയില്‍ നിന്ന് പോകുന്ന യാത്രക്കാര്‍ക്ക് കോവിഡ് മെഡിക്കല്‍ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പ് എളുപ്പത്തില്‍ നല്‍കാനാവും. വാക്‌സിനേഷന്‍, കോവിഡ് പിസിആര്‍ ടെസ്റ്റ്, ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ വിവരങ്ങളൊക്കെ ഇതിലുണ്ടാവും.

ഈ മാസമാദ്യം ഫ്‌ളൈ ദുബയിയും അല്‍ഹുസ്ന്‍ ആപ്പുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.