ദുബൈ: വിവിധ രാജ്യങ്ങളിലേക്ക് പോവാന്‍ കണക്ഷന്‍ വിമാനത്തില്‍ ദുബൈയിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഹോട്ടലുകളിലേക്ക് മാറ്റി. ദുബൈ എമിറേറ്റ്‌സ് അധികൃതരാണ് എല്ലാവരെയും ഹോട്ടലിലേക്കു മാറ്റിയത്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും കേരള സര്‍ക്കാരുമാണ് ഇവര്‍ക്ക് ആശ്വാസമേകിയത്. പോര്‍ച്ചുഗലില്‍ നിന്നെത്തിയ തിരുവനന്തപുരം കരിങ്കുളം പുതിയതുറ സ്വദേശി ജാക്‌സന്‍, ഇരട്ട സഹോദരന്‍ ബെന്‍സന്‍, റഷ്യയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രാജു, യുറോപ്പില്‍ നിന്ന് നാട്ടിലേക്കുതിരിച്ച അരുണ്‍, ജോസ് എന്നിവരാണ് ദുബൈയില്‍ കുടുങ്ങിയത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ കിടന്നുറങ്ങിയ ഇവരെ വെള്ളിയാഴ്ച രാവിലെയോടെയാണ് ഹോട്ടലുകളിലേക്ക് മാറ്റിയത്.
ഇവരുള്‍പ്പെടെ 20ഓളം ഇന്ത്യക്കാരാണ് എട്ടുദിവസത്തോളം ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയത്.
കണക്ഷന്‍ വിമാനത്തില്‍ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോവാനാണ് മാര്‍ച്ച് 19് ഇവര്‍ ദുബൈയിലെത്തിയത്. അതിനിടെ, കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത് തിരിച്ചടിയായി. ദുബൈ വിസയില്ലാത്തതിനാലാവട്ടെ പുറത്തിറങ്ങാനുമായില്ല. ഇന്ത്യയിലേക്കുള്ള അവസാന വിമാനമായതിനാല്‍ ഇരട്ടി പണം നല്‍കിയായിരുന്നു യാത്ര.
എന്നാല്‍, ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതു സംബന്ധിച്ച് മലയാളി കൂടിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പോലും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. നോര്‍ക്കയില്‍നിന്നും എംബസിയില്‍നിന്നും കോണ്‍സുലേറ്റില്‍നിന്നുമെല്ലാം മന്ത്രിയെ വിളിച്ചെങ്കിലും നടപടികളുണ്ടായില്ലെന്നാണ് യാത്രക്കാര്‍ കുറ്റപ്പെടുത്തിയത്. എമിറേറ്റ്‌സ് കലക്ഷന്‍ ഡെസ്‌കില്‍നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചാണ് ഇവരെല്ലാം കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചത്. തുടര്‍ നടപടികളാണ് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസമായത്.