Monday, November 29, 2021
HomeNewsfeedപീഡനം ആരോപിക്കപ്പെട്ട യുഎഇ ജനറല്‍ ഇന്റര്‍പോളിന്റെ പ്രസിഡന്റ്

പീഡനം ആരോപിക്കപ്പെട്ട യുഎഇ ജനറല്‍ ഇന്റര്‍പോളിന്റെ പ്രസിഡന്റ്

ദോഹ: അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍ പോളിന്റെ പ്രസിഡന്റായി യുഎഇ ജനറല്‍ അഹ്‌മദ് നാസര്‍ അല്‍ റഈസി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ വിമര്‍ശകരെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടയാളാണ് യുഎഇ സുരക്ഷാ സേനയുടെ തലവനായ റഈസിയെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

നാല് വര്‍ഷത്തേക്കാണ് റഈസിയെ തിരഞ്ഞെടുത്തെന്ന് ഇന്റര്‍പോള്‍ ട്വിറ്ററില്‍ അറിയിച്ചു. ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനം വലിയ അധികാരങ്ങളൊന്നുമില്ലാത്ത ആലങ്കാരിക പദവിയാണ്. സെക്രട്ടറി ജനറലാണ് ഏജന്‍സിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്. ജ്യുവര്‍ജന്‍ സ്‌റ്റോക്ക് 2019ല്‍ ഈ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഫ്രാന്‍സിലും തുര്‍ക്കിയിലും ഈയിടെ യുഎഇ ജനറലിനെതിരേ പീഢന പരാതികള്‍ ഉന്നയിക്കപ്പെട്ടിരുന്നു.

ഇന്റര്‍പോളിന് യുഎഇ ഈയിടെ വന്‍തുക ധനസഹായം നല്‍കിയിരുന്നു. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്നതിന് ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് സംവിധാനം അബൂദബി ദുരുപയോഗം ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് എന്നത് ശ്രദ്ദേയമാണ്.

അല്‍ റഈസിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനെരേ മൂന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റിന് കത്തെഴുതിയിരുന്നു. ജനറല്‍ അല്‍ റഈസിയുടെ തിരഞ്ഞെടുപ്പ് ഇന്റര്‍പോളിന്റെ പ്രതിഛായ തകര്‍ക്കുമെന്നും കാര്യക്ഷമമായി ദൗത്യം നിര്‍വഹിക്കുന്നതിനുള്ള ഏജന്‍സിയുടെ കഴിവിനെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു.

സമാധാനപരമായി വിമര്‍ശനം ഉന്നയിക്കുന്നവരെ ആസൂത്രിതമായി ലക്ഷ്യമിടുന്ന സംവിധാനത്തിന്റെ ഭാഗമായ അല്‍ റഈസിയെ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനെതിരേ 2020 ഒക്ടോബറില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള 19 എന്‍ജിഒകളും ശബ്ദമുയര്‍ത്തിയിരുന്നു.
ALSO WATCH

Most Popular