ദുബയ്: പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി 2 പ്രമുഖ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുണ്ടെന്നു സൂചന. ഷെട്ടിയുടെ യുഎഇയിലെ ആശുപത്രി ശൃംഖലയായ എന്‍എംസി (ന്യൂ മെഡിക്കല്‍ സെന്റര്‍) യുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. ഈ ഇടപാടുകള്‍ മൂലം കമ്പനിക്ക് 50,000 കോടിയുടെ കടബാധ്യതയാണുണ്ടായത്. എന്‍എംസിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മുഴുവന്‍ മരവിപ്പിച്ച യുഎഇ അധികൃതര്‍, അന്വേഷണം ഊര്‍ജിതമാക്കി.
ഷെട്ടിയെയും 5 പങ്കാളികളെയും പ്രതിചേര്‍ത്ത് അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക് നല്‍കിയ കേസിലും നടപടികള്‍ തുടരുകയാണ്. കൂട്ടാളികള്‍ ചതിച്ചെന്നും കമ്പനിയില്‍ അവര്‍ ക്രമക്കേടുകള്‍ നടത്തിയെന്നുമാണ് ഷെട്ടിയുടെ അവകാശവാദനം. വ്യാജരേഖ ചമച്ചു തട്ടിപ്പു നടത്തിയവരില്‍ മുന്‍ ജീവനക്കാരും നിലവിലുള്ളവരും പങ്കാളികളാണെന്നും ഷെട്ടി ആരോപിക്കുന്നു.
ട്രാവലെക്‌സ് എന്ന കൂറ്റന്‍ പണമിടപാട് കമ്പനി ഏറ്റെടുക്കാനായാണ് എന്‍എംസി ഓഹരികള്‍ യുഎഇയിലെ 10 ബാങ്കുകള്‍ ഉള്‍പ്പടെ ലോകത്തെ വിവിധ ബാങ്കുകളില്‍ പണയം വച്ചത്. 75,000 കോടിയോളം രൂപയാണ് ബാങ്കുകള്‍ വായ്പ്പ് നല്‍കിയത്. അബൂദബിയിലെ ഏറ്റവും വലിയ ബാങ്കായ എഡിസിബി മാത്രം നല്‍കിയത് 30,000 കോടി രൂപയാണ്. യുഎസ് ഊഹക്കച്ചവട കമ്പനി ‘ മഡി വാട്ടേഴ്‌സ്’ എന്‍എംസിയില്‍ നിക്ഷേപത്തിന് ആഗ്രഹിച്ചതു മുതലാണു പ്രശ്‌നങ്ങള്‍ പുറത്തുവന്നത്. അവര്‍ നട്ത്തിയിട്ടുള്ള അന്വേഷണത്തില്‍ എന്‍എംസി ആസ്തി പെരുപ്പിച്ച് കാണിച്ചതായി ബോധ്യപ്പെടുകയായിരുന്നു.
Expat businessman BR Shetty has reportedly obtained loans from major Indian banks.