ദുബൈ: ചെറുതായൊന്ന് ഫ്രഷാവാന്‍ കുളിമുറിയില്‍ കയറിയ പ്രവാസി യുവതി അതിനകത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവന്‍. 17 മണിക്കൂര്‍ കുളിമുറിയില്‍ കഴിയേണ്ടി വന്ന പാകിസ്താന്‍കാരി എമ്മ കൈസറിന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അതൊരു ഭീകര സ്വപ്‌നമാണ്.
ദുബൈ ദേരയിലെ അപാര്‍ട്ട്‌മെന്റ് ബെഡ്‌റൂമില്‍ 33കാരിയായ എമ്മ തനിച്ചാണ് താമസം. ജൂലൈ 15ന് വൈകുന്നേരം ജിമ്മിലേക്ക പോകും മുമ്പ് ഫ്രഷാവാന്‍ കുളിമുറിയില്‍ കയറിയതായിരുന്നു. മൊബൈല്‍ പുറത്തുള്ള ബെഡ്ഡില്‍ വച്ചിരുന്നു. സമയം വൈകീട്ട് 7.15. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലായത്. ഡോര്‍ തനിയെ ലോക്കായിരിക്കുന്നു.
ഹാന്‍ഡില്‍ തിരിക്കാന്‍ സാധ്യമാവുന്ന എല്ലാ വഴികളും പയറ്റി. മേക്കപ്പിന്റെ ബ്രഷും നെയില്‍ കട്ടറും കത്രികയുമൊക്കെ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഇതിനിടയില്‍ വാതിലിന്റെ പിടി ഇളകി കൈയിലേക്കു വന്നു. അതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
ഇനി എങ്ങിനെ രക്ഷപ്പെടുമെന്നോര്‍ത്തപ്പോള്‍ തനിക്ക് ശ്വാസം നിലക്കുന്നതുപോലെ തോന്നിയെന്ന് എമ്മ പറയുന്നു. മനസ്സിനോട് ശാന്തമാവാന്‍ സ്വയം പറഞ്ഞു. ടോയ്‌ലറ്റ് സീറ്റിന് മുകളില്‍ കയറി താല്‍ക്കാലിക സീലിങ് ഇളക്കി മാറ്റി സഹായത്തിനായി അലറി വിളിച്ചു. വാതില്‍ പിടി കൊണ്ട് ഡോറില്‍ ഉറക്കെ ഇടിച്ചു. പക്ഷേ ആരും കേട്ടില്ല. മണിക്കൂറുകള്‍ കടന്നുപോകവേ താന്‍ കുടുങ്ങിയെന്ന് മനസ്സിലായി.
അശുഭ ചിന്തകളെ തള്ളിമാറ്റി പൈപ്പ് വെള്ളം കുടിച്ച് രാത്രി മുഴുവന്‍ കഴിച്ചു കൂട്ടി. മൊബൈലില്‍ വിളിച്ച് കിട്ടാതാവുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പരിഭ്രാന്തരാവുന്നുണ്ടാവുമെന്നും ആരെങ്കിലും തന്നെ തേടി വരാതിരിക്കില്ലെന്നതും മാത്രമായിരുന്നു പ്രതീക്ഷ.
മൊബൈലില്‍ 4.45ന് പ്രഭാത പ്രാര്‍ഥനയ്ക്കുള്ള അലാറം മുഴങ്ങിയപ്പോഴാണ് രാത്രി അവസാനിച്ചുവെന്ന് മനസ്സിലായത്. ഈ സമയത്തെല്ലാം പാകിസ്താനിലുള്ള മാതാപിതാക്കളും ഷിക്കാഗോയിലുള്ള സഹോദരിയും തന്നെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. രാവിലെ 8.45ന് കോണ്‍ഫറന്‍സ് കോളിന് വേണ്ടി സെറ്റ് ചെയ്ത രണ്ടാമത്തെ അലാറവും അടിഞ്ഞു. 11 മണിയായപ്പോള്‍ വാതിലിനു പുറത്ത് എന്റെ കസിന്‍ സിസ്റ്ററിന്റെ ശബ്ദം കേട്ടു. അവളുടെ കൈയില്‍ മുറിയുടെ മറ്റൊരു താക്കോല്‍ ഉണ്ടായിരുന്നു. ഞാന്‍ അവളുടെ പേര് വിളിച്ച് രക്ഷിക്കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡുമായി വന്ന് ബാത്ത്‌റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു.
രാവിലെ 11.30ഓടെ കുളിമുറിക്ക് പുറത്തിറങ്ങുമ്പോള്‍ താന്‍ വിയര്‍ത്തുകുളിച്ചിരുന്നു. കരച്ചിലിന്റെ വക്കോളമെത്തിയ തനിക്ക് ഒരു ഭീകര സ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെയാണ് തോന്നിയത്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ കുളിമുറിയില്‍ പോവുമ്പോള്‍ എപ്പോഴും മൊബൈല്‍ കരുതണമെന്ന ഉപദേശമാണ് ഇപ്പോള്‍ എമ്മയ്്ക്ക് നല്‍കാനുള്ളത്.