ലോകത്തെ ആദ്യ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ മസ്ജിദ് ഒരുക്കി ദുബൈ

dubai mosque

ദുബൈ: ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ മസ്ജിദി ദുബയില്‍ ഒരുങ്ങി. ഹത്തയിലാണ് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി പള്ളി നിര്‍മിച്ചത്. യുഎസ് ഗ്രീന്‍ ബില്‍ഡിങ്‌സ് കൗണ്‍സിലിന്റെ ലീഡര്‍ഷിപ് ഫോര്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ പ്ലാറ്റിനം റേറ്റിങ്(83 പോയിന്റ്‌സ്) ലഭിച്ച ആരാധനാലയമാണിത്.

1,050 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള പള്ളിയില്‍ ഒരേ സമയം 600 ലേറെ പേര്‍ക്ക് നമസ്‌കരിക്കാം. 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഈ സവിശേഷ പള്ളി നിര്‍മിച്ചത്. ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ദുബൈ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവയ്പാണിതെന്ന് ദീവ മാനേജിങ് ഡയറക്ടറും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

25 മീറ്റര്‍ ഉയരത്തിലുള്ള മിനാരമാണ് പള്ളിക്കുള്ളത്. കാര്‍, മോട്ടോര്‍ ബൈക്ക് പാര്‍ക്കിങ്, ഭിന്ന ശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ഗ്രീന്‍ ചാര്‍ജര്‍ സ്റ്റേഷന്‍ എന്നീ സംവിധാനങ്ങള്‍ കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് ഏകദേശം 26.5 ശതമാനം ഊര്‍ജവും 55 ശതമാനം ജലവും സംരക്ഷിക്കുന്നു. സൗരോര്‍ജ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്.

ജലസേചനത്തിനും ശുചീകരണത്തിനും വെള്ളം പുനരുപയോഗിക്കാനുള്ള ജല ശുദ്ധീകരണ യൂണിറ്റ് ആണ് മറ്റൊരു പ്രത്യേകത. പള്ളിക്കുള്ളില്‍ സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി വായു ശുദ്ധീകരണത്തിന് ഉയര്‍ന്ന അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തി.

എല്‍ഇഡി പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിലൂടെ, പള്ളി രാജ്യാന്തര സുസ്ഥിര മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന തലത്തിലുള്ള കാര്യക്ഷമത കൈവരിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.
ALSO WATCH