ഷാര്‍ജയില്‍ പ്രവാസി ബാലന്റെ മൃതദേഹം ഇലക്ട്രിക് വയറില്‍ തൂങ്ങിയ നിലയില്‍; ദുരൂഹതയുണ്ടെന്ന് പോലിസ്

sharjah boy death
പ്രതീകാത്മക ചിത്രം

ഷാര്‍ജ: ഷാര്‍ജയിലെ അല്‍തആവുന്‍ ഏരിയയിലെ വീട്ടില്‍ പ്രവാസി ബാലന്റെ മൃതദേഹം ഇലക്ട്രിക് വയറില്‍ തൂങ്ങിയ നിലയില്‍. നാല് വയസ്സുള്ള ഈജിപ്ഷ്യന്‍ ബാലന്റെ മൃതദേഹമാണ് സ്വന്തം വീട്ടിലെ വാതിലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് പറഞ്ഞു. മരണകാരണമറിയാന്‍ ഫോറന്‍സിക് റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

ശനിയാഴ്ച്ച രാത്രിയാണ് സംഭവം. പിതാവ് ജോലി സ്ഥലത്തു നിന്ന് മടങ്ങിയ ശേഷം മുറിയില്‍ വിശ്രമിക്കുകയായിരുന്നു. മാതാവ് അടുക്കളപ്പണിയുടെ തിരക്കിലും. സംഭവ സമയത്ത് 16 വയസ്സുള്ള മൂത്ത സഹോദനൊപ്പം കളിക്കുകയായിരുന്നു കുട്ടിയെന്ന് മാതാപിതാക്കള്‍ പോലിസിനോട് പറഞ്ഞു. തുടര്‍ന്ന് മൂത്ത സഹോദരന്‍ ബാത്ത്‌റൂമിലേക്കു പോയി. തിരിച്ചു വന്നപ്പോള്‍ കുട്ടി ഇലക്ട്രിക വയര്‍ കഴുത്തില്‍ ചുറ്റി വാതിലില്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

ജോലി കഴിഞ്ഞു വന്നാല്‍ ബീച്ചില്‍ കൊണ്ടുപോവാമെന്ന് കുട്ടിയോട് പറഞ്ഞിരുന്നതായി രക്ഷിതാക്കള്‍ പോലിസിനെ അറിയിച്ചു. എന്നാല്‍, എത്താന്‍ വൈകിയതിനാല്‍ ബീച്ചില്‍ കൊണ്ടു പോവാന്‍ സാധിച്ചില്ല. ഇതില്‍ ദേഷ്യപ്പെട്ട് കുട്ടി തൂങ്ങിമരിച്ചതാവാമെന്ന് രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ചു.

തറയില്‍ നിന്ന് ഏതാനും അടി ഉയരത്തിലാണ് കുട്ടിയുടെ മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്. വയര്‍ മുറിയുടെ വാതിലില്‍ കെട്ടിയിരുന്നു. ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയര്‍ കഴുത്തില്‍ ചുറ്റിയിരുന്നെങ്കിലും കഴുത്തിന്റെ മുന്‍വശത്ത് മാത്രമാണ് അടയാളമുണ്ടായിരുന്നത്. പിറക് വശത്ത് യാതൊരു പരിക്കുമുണ്ടായിരുന്നില്ല. ഇതാണ് പോലിസിന്റെ സംശയത്തിനിടയാക്കിയിട്ടുള്ളത്. മരിച്ച കുട്ടിക്കു പുറമേ 16ഉം 14ഉം വയസ്സുള്ള മറ്റു രണ്ടു മക്കളാണ് കുടുംബത്തിലുള്ളത്.

ബുഹൈറ പോലിസാണ് സംഭവം അന്വേഷിക്കുന്നത്. പോലിസ് കുടുംബാഗങ്ങളെ വിളിച്ച് ചോദ്യം ചെയ്തു.
ALSO WATCH