ദുബായ്: വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് ബിസിനസ് വനിതയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആറ് മില്യണ്‍ ദിര്‍ഹം തട്ടിയ കേസില്‍ ആറ് പേര്‍ക്ക് അഞ്ച് വര്‍ഷം തടവ്. അഞ്ച് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും അടങ്ങുന്ന സംഘത്തിനാണ് ദുബയ് കോടതി ശിക്ഷ വിധിച്ചത്. 150,000 ദിര്‍ഹം പിഴയും അടക്കണം. ശിക്ഷാ കാലയളവിന് ശേഷം പ്രതികളെ നാടുകടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
തട്ടിപ്പിനിരയായത് ഏത് നാട്ടുകാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. അവര്‍ ദുബയില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ പേരിലുള്ള സിം കാര്‍ഡിന്റെ കോപ്പി വേണമെന്ന് കാണിച്ച് തട്ടിപ്പുകാരില്‍ ഒരാള്‍ ഷാര്‍ജയിലെ പ്രാദേശിക ടെലികമ്മ്യൂണിക്കേഷന്‍ ഓഫിസിലെത്തിയിരുന്നു. ഇയാള്‍ യുവതിയുടെ വ്യാജ ഒപ്പും രേഖകളും അപേക്ഷക്കൊപ്പം നല്‍കിയതായി ടെലികമ്മ്യൂണിക്കേഷന്‍ ഓഫിസിലെ ജീവനക്കാരി വ്യക്തമാക്കി.
തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ തട്ടിപ്പിനിരയായ യുവതിയുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ശേഷമാണ് ഇവര്‍ ആറ് മില്യണ്‍ ദിര്‍ഹം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയത്. വന്‍ തുകയുടെ ഇടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതര്‍ തട്ടിപ്പിന് ഇരയായ വനിതയുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അവര്‍ രാജ്യത്തിന് പുറത്താണെന്നും പണമിടപാട് താന്‍ അറിഞ്ഞിട്ടില്ലെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മെയ് മാസം അല്‍റിഫ പോലിസ് സ്റ്റേഷനില്‍ പണം നഷ്ടപ്പെട്ടതായി പരാതി നല്‍കി. തുടര്‍ന്ന് മൂന്ന് പേരെയാണ് പോലിസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ആറ് പ്രതികള്‍ക്കുമെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.