കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍ഐഎ. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായി ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു. പ്രത്യേക കോടതി സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
സ്വര്‍ണം കടത്തിയ ബാഗേജ് തങ്ങളുടെ നയതന്ത്ര ബാഗേജ് അല്ലെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എന്‍ഐഎ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട്. മാത്രമല്ല, കേരളത്തിലെത്തിക്കുന്ന സ്വര്‍ണം ആഭരണനിര്‍മാണത്തിനല്ല, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചതായും റിപോര്‍ട്ടുകളില്‍ പറയുന്നു.
കേസില്‍ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിന്റെ പേരും വിലാസവും തിരുത്താനും എന്‍ഐഎ. കോടതിയില്‍ അപേക്ഷ നല്കി. നേരത്തെ ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നതായിരുന്നു വിലാസമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഫൈസല്‍ ഫരീദ്, കൊടുങ്ങല്ലൂര്‍ സ്വദേശി എന്നാക്കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.
gold-smuggling-case-swapna-suresh-and-sandeep-in-nia-custody-till-july-21