Saturday, January 29, 2022
HomeNewsfeedശവപ്പെട്ടി വാങ്ങാന്‍ പോലും കാശില്ലാതെ ഒരു കാലത്ത് പ്രവാസ ലോകത്ത് പ്രമാണിയായിരുന്ന നായരേട്ടന്റെ അന്ത്യയാത്ര

ശവപ്പെട്ടി വാങ്ങാന്‍ പോലും കാശില്ലാതെ ഒരു കാലത്ത് പ്രവാസ ലോകത്ത് പ്രമാണിയായിരുന്ന നായരേട്ടന്റെ അന്ത്യയാത്ര

ദുബൈ: സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും വരുന്നതിന് മുമ്പ് ദുബയിലെ അറിയപ്പെടുന്ന ബിസിനസുകാരനായിരുന്ന നായരേട്ടന്റെ അന്ത്യയാത്ര ശവപ്പെട്ടി പോലും വാങ്ങാന്‍ കാശില്ലാത്ത അവസ്ഥയില്‍. നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ സാധനങ്ങള്‍ മുഴുവന്‍ വാങ്ങിയിരുന്ന ദുബയിലെ പ്രവാസി കടയുടമയുടെ അന്ത്യയാത്രക്ക് ശവപ്പെട്ടി പോലുമില്ലാതെ നിസ്സഹാവസ്ഥയിലായ അനുഭവം പങ്കുവച്ചത് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരിയാണ്.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍:

ഇന്നലെ വേദനയോട് കൂടിയാണ് ഒരു മയ്യിത്ത് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ ആഴ്ച അയാള്‍ എന്നെ വിളിച്ചിരുന്നു. ജീവിക്കുവാന്‍ കഴിയുന്നില്ല, ചുറ്റിലും കടക്കാരെ കൊണ്ട് നിറയുന്നു. മരിച്ചാലോ എന്ന് ചിന്തിക്കുയാണെന്ന്. ഒരിക്കലൂം അങ്ങനെ ചെയ്യരുത്, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനപ്പെടുത്തുകയും ചെയ്തു. പക്ഷെ ഒരു ദുര്‍ബല നിമിഷത്തില്‍ അയാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട, ഇനിയും ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ജീവന്‍ നശിപ്പിച്ച് കളഞ്ഞു.

തിരുവനന്തപുരം സ്വദേശി പ്രസന്നന്‍ നായര്‍ എന്ന പി പി നായര്‍ എണ്‍പതുകളുടെ തുടക്കത്തിലാണ് ഗള്‍ഫില്‍ വരുന്നത്. ഏതൊരു പ്രവാസിയെ പോലെ തുടക്കം ജോലിയിലൂടെ തുടങ്ങിയ പ്രവാസം ടെക്സ്റ്റയില്‍ ഗാര്‍മെന്റസ് കച്ചവടമേഖലയിലെ പ്രമാണിയായി മാറി. സൂപ്പര്‍മാര്‍ക്കറ്റുകളും, ഹൈപ്പര്‍ മാര്‍ക്കറ്റുകളും വരുന്നതിന് മുമ്പ് പി പി നായരുടെ കടയില്‍ നിന്നാണ് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ സാധനങ്ങള്‍ മേടിച്ചോണ്ട് പോകുന്നത്.

ബിസ്സിനസ്സില്‍ നേട്ടങ്ങള്‍ വരുമ്പോഴും അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതില്‍ നായരേട്ടന്‍ മുന്നിലായിരുന്നു. ആര് മുന്നില്‍ വന്ന് വേദനകള്‍ പറഞ്ഞാലും അവരെ വെറും കയ്യോടെ മടക്കി അയക്കില്ലായിരുന്നു പി പി നായര്‍. അങ്ങനെയിരിക്കുമ്പോഴാണ് വിധി നായരുടെ ജീവിതത്തെ ഒന്നാകെ തലകീഴായി മറിക്കുന്നത്. കച്ചവടത്തില്‍ പെട്ടെന്നുണ്ടായ തകര്‍ച്ച. പലരെയും വിശ്വസിച്ച് ഏല്‍പ്പിച്ച പണം തിരിച്ച് കിട്ടാതെയിരിക്കുക. അതിനിടയില്‍ കേസുകള്‍, അങ്ങനെ, അങ്ങനെ പ്രശ്‌നങ്ങളും,പ്രതിസന്ധികളുമായി ജീവിതം തളളി നീക്കുന്ന സമയത്താണ് കോവിഡ് വന്നത്. അതോട് കൂടി പൂര്‍ണ്ണമായും നായര്‍ തകരുന്നു.

വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാതെ ആളുകളെ ഭയന്ന് ജീവിക്കുന്ന ഒരു മാനസികവസ്ഥയില്‍ വരെ പി.പി. നായരെത്തി. അതിനിടയിലാണ് കഴിഞ്ഞയാഴ്ച എന്നെ അന്വേഷിച്ച് നായരുടെ ഫോണ്‍ വരുന്നത്. അഭിമാനിയായ ആ മനുഷ്യന്‍ എന്റെ വാക്കുകള്‍ക്ക് പ്രാധാന്യം പോലും നല്‍കാതെ മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.

സമ്പത്ത് കാലത്ത് എല്ലാത്തിനും കൂടെയുണ്ടായിരുന്നവര്‍ നായരുടെ മരണസമയത്ത് കൂടെ ഇല്ലായിരുന്നു. എന്തിന് പറയുന്നു മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ പെട്ടി വാങ്ങുവാന്‍ പോലും കാശില്ലായിരുന്നു. ഈ വിവരം അറിഞ്ഞ് രണ്ട് മലയാളികളായ ബിസ്സിനസ്സുകാര്‍ (പേരു പരസ്യപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ല) അവരുടെ നല്ല മനസ്സ് കാരണം പി പി.നായരുടെ മൃതദേഹം ഒരു തടസ്സവും കൂടാതെ നാട്ടിലേക്ക് അയക്കുവാന്‍ കഴിഞ്ഞു.

നോക്കുക സുഹൃത്തുക്കളെ സമ്പത്ത് കാലത്ത് മറ്റുളളവരെ സഹായിച്ചതിന്റെ ഫലം ഒന്നും ഇല്ലാതെയിരുന്ന സമയത്ത് ഈശ്വരന്‍ ഒരിക്കലും ജീവിതത്തില്‍ കണ്ടിട്ടാല്ലാത്തവരുടെ സഹായം കൊണ്ട് ആ മനുഷ്യന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കുവാന്‍ സാധിച്ചു.

രണ്ട് പാഠങ്ങളാണ് നമ്മള്‍ ഇവിടെ നിന്നും പഠിക്കേണ്ടത്. അതിലൊന്ന് ജീവിതത്തില്‍ തകര്‍ച്ചയും ഉയര്‍ച്ചയും ഉണ്ടാകും. അതുപോലെ ബിസ്സിനസ്സിലും ഒരിക്കലും പിന്തിരിഞ്ഞ് ഓടാതെയിരിക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

മറ്റൊന്ന്

ജീവിതത്തില്‍ മറ്റുളളവരെ സഹായിക്കുവാന്‍ ശ്രമിക്കുക. എന്നെങ്കിലും അതിന്റെ പ്രതിഫലം പടച്ചതമ്പുരാന്‍ തരാതെ ഇരിക്കില്ല.

Most Popular