Sunday, October 24, 2021
HomeNewsfeedയുഎഇയില്‍ ശക്തമായ പൊടിക്കാറ്റും മഴയും; താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി(വീഡിയോ)

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റും മഴയും; താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി(വീഡിയോ)

ദുബൈ: യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റും ഇടിയോട് കൂടിയ മഴയും. പല സ്ഥലത്തും ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്നു റോഡുകളില്‍ ഗതാഗത തടസ്സം നേരിട്ടു. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. അബൂദബിയുടെ വിവിധ മേഖലകളിലും വടക്കന്‍ എമിറേറ്റുകളിലെ തീരദേശ-മലയോര മേഖലകളിലും ഇടിയോടു കൂടിയ മഴ പെയ്തു.


വരും ദിവസങ്ങളില്‍ ഇതര എമിറേറ്റുകളിലും മഴയ്ക്കു സാധ്യതയുണ്ടെന്നാണു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ പ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. ദുബയില്‍ വൈകിട്ട് പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡില്‍ മണല്‍ അടിഞ്ഞു കൂടി.


ഫുജൈറ, വാദി തുവൈന്‍, വാദി അല്‍ ഫാദി, ദിബ്ബ, പര്‍വതമേഖലകള്‍ എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്നു വാദികളില്‍ ഒഴുക്കു കൂടി. അബൂദബി മുഷ്‌റിഫ്, ഖാലിദിയ, ബഹിയ, ഹുദ്രിയാത് ഐലന്‍ഡ്, സാദിയാത് ഐലന്‍ഡ്, മദീനത് സായിദ്, ഫുജൈറ അല്‍ ഫര്‍ഫര്‍, മലയോര മേഖലകള്‍, ഷാര്‍ജ ഖോര്‍ഫക്കാന്‍, അജ്മാന്‍ മനാമ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചതായാണ് റിപോര്‍ട്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഈ സീസണില്‍ മഴ പതിവാണ്. മഴമാറുന്നതോട് കൂടി വരുംദിവസങ്ങളില്‍ ചൂട് ശക്തമാവും.

 

Most Popular