യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു

rain in UAE

ദുബൈ: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. അബുദാബി, ദുബൈ, റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ, അജ്മാന്‍ എമിറേറ്റുകളിലെ ചിലയിടങ്ങളിലാണ് മഴ പെയ്തത്. ദുബൈ ജുമൈര, ലെഹ്ബാബ്, ജെബല്‍അലി, ഷാര്‍ജ ദൈദ്, ഖോര്‍ഫക്കാന്‍, വാദി അല്‍ ഹെലോ, കല്‍ബ അഹ്ഫാര വെസ്റ്റ്, ഫുജൈറ വാദി മൈദാഖ്, റാസല്‍ഖൈമ മലീഹ ഷൗക്ക ആന്‍ഡി, അല്‍ മാനെയ്, അജ്മാന്‍ അല്‍ ഹെലിയക്ക് സമീപം എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളില്‍ മഴ കൂടുതല്‍ ശക്തമായി.

മഴയെതുടര്‍ന്ന് വാഹനഗതാഗതം മന്ദഗതിയിലായി. ചിലയിടങ്ങളില്‍ ചെറിയ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കല്‍ബ റോഡ് താത്കാലികമായി അടച്ചിട്ടു. അല്‍ ഹഫിയ സ്‌ക്വയര്‍ മുതല്‍ വാദി അല്‍ ഹലോ വരെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകള്‍ അടച്ചതായി ഷാര്‍ജ പോലീസ് അറിയിച്ചു. മഴയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. വാദി പോലുള്ള വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ചിലയിടത്ത് ശക്തി കുറഞ്ഞ മഴയും ലഭിച്ചു.

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളില്‍ തിങ്കളാഴ്ചയും തീവ്രത കുറഞ്ഞ മഴ ലഭിക്കുമെന്നാണ് വിവരം. എല്ലാ വര്‍ഷവും ഈ സമയം മഴ സാധാരണമാണെന്നും വകുപ്പ് വ്യക്തമാക്കി. മേഖലയിലെ മഴ വര്‍ധിപ്പിക്കുന്നതിനായി കാലാവസ്ഥ വകുപ്പ് ക്ലൗസ് സീഡിങ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.