അബൂദബി: ഇരു ഭാഗത്തും ബൗളര്‍മാര്‍ കസറിയ 2021 ട്വന്റി 20 ലോകകപ്പിന്റെ(ICC T20 world cup) ഉദ്ഘാടന മത്സരത്തില്‍ ജയം ആസ്ത്രേലിയക്കൊപ്പം(Australia). ദക്ഷിണാഫ്രിക്ക(South Africa) ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു.
ചെറിയ സ്കോര്‍ പ്രതിരോധിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഓസീസ് ബാറ്റ്സ്മാന്മാരെ തുടക്കത്തില്‍ വിറപ്പിച്ചിരുന്നു. 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസിനെ 20 ഓവറില്‍ 9 വിക്കറ്റിന് 118 റണ്‍സ് എന്ന നിലയില്‍ ഓസീസ് മെരുക്കി. എയ്ഡന്‍ മാര്‍ക്രം(Aiden Markram) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ്(Josh Hazlewood), ആദം സാംപ(Adam Zampa), മിച്ചല്‍ സ്റ്റാര്‍ക്ക്(Mitchell Starc) എന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (0) നഷ്ടമായി. തുടര്‍ന്ന് 15 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത വാര്‍ണറെ അഞ്ചാം ഓവറില്‍ റബാദ മടക്കി. മിച്ചല്‍ മാര്‍ഷിന്റെ ഊഴമായിരുന്നു അടുത്തത്. 17 പന്തില്‍ 11 റണ്‍സെടുത്ത താരത്തെ കേശവ് മഹാരാജ് പുറത്താക്കുകയായിരുന്നു.
പിന്നാലെ നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് – ഗ്ലെന്‍ മാക്സ്വെല് സഖ്യം ഓസീസിനെ 80 റണ്‍സ് വരെയെത്തിച്ചു. 34 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത സ്മിത്തിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയ ഏയ്ഡന്‍ മാര്‍ക്രം ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. 16-ാം ഓവറില്‍ തബ്റൈസ് ഷംസിയെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള മാക്സ്വെല്ലിന്റെ ശ്രമം പാളി. 21 പന്തില്‍ 18 റണ്‍സുമായി മാക്സ്വെല് മടങ്ങിയതോടെ ഓസീസ് വിറച്ചു.
എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്നിസ് – മാത്യു വെയ്ഡ് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ വിജയത്തിലെത്തിച്ചു. സ്റ്റോയ്നിസ് 16 പന്തില്‍ നിന്ന് 24 റണ്‍സുമായി പുറത്താകാതെ നിന്നു. വെയ്ഡ് 10 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രണ്ടാം ഓവറില്‍ നായകന് തെംബ ബവൂമയെ(12) മാക്സ്വെല് ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറിലെയും നാലാം ഓവറിലേയും ആദ്യ പന്തുകളില്‍ റാസ്സി വാന്‍ ഡര് ഡസ്സന്(2), ക്വിന്റണ്‍ ഡി കോക്ക്(7) എന്നിവരെ മടക്കി ഹേസല്‍വുഡ് ഇരട്ട പ്രഹരം നല്കി.
എട്ടാം ഓവറില്‍ ഹെന്റിച്ച് ക്ലാസനെ(13) കമ്മിന്‍സും 14-ാം ഓവറില്‍ ഡേവിഡ് മില്ലറിനെയും(16), ഡ്വെയ്ന്‍ പ്രിട്ടോറിയൂസിനേയും(1) സാംപയും മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് നനഞ്ഞ പടക്കമായി. തൊട്ടടുത്ത ഓവറില്‍ കേശവ് മഹാരാജ് അക്കൗണ്ട് തുറക്കും മുമ്പ് റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രം(40) ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ടീം സ്കോര്‍ 100 കടക്കും മുമ്പ് 18-ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റാര്‍ക്ക് മടക്ക ടിക്കറ്റ് നല്കി.
20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 118/9 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക ഒതുങ്ങി. സ്റ്റാര്‍ക്കിന്റെ അവസാന ഓവറില്‍ ആന്റിച്ച് നോര്‍ക്യ(2) വീണു. കാഗിസോ റബാഡയും(19*), തംബ്രൈസ് ഷംസിയും(0*) പുറത്താകാതെ നിന്നു. ഹേസല്‍വുഡിന്റെയും സാംപയുടെയും സ്റ്റാര്‍ക്കിന്റേയും രണ്ട് വിക്കറ്റുകള്‍ക്ക് പുറമെ മാക്സ്വെല്ലും കമ്മിന്‍സും ഓരോ വിക്കറ്റ് നേടി.
ഓസീസിനായി ഹെയ്സല്‍വുഡും ആദം സാംപയും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ALSO WATCH