ദുബയ്: ഗള്‍ഫ് രാജ്യങ്ങളിലെ ബാച്ചിലര്‍ മുറികളില്‍ ഞെങ്ങി ഞെരുങ്ങി താമസിക്കുന്നവരില്‍ ആരെങ്കിലും ഒരാള്‍ക്ക് കൊറോണ ബാധിച്ചാലുള്ള സ്ഥിതി ഭയാനകമായിരിക്കും. ഇത്തരക്കാര്‍ക്ക് ക്വാറന്റൈന് സൗകര്യമൊരുക്കാനും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിമാന സൗകര്യമൊരുക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയില്‍ ആരിലും ഭീതിയും ദയനീതയും സൃഷ്ടിക്കുന്ന ഒരു സംഭവം ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തിരിക്കുന്നു. അബൂദബിയിലെ ഒറ്റമുറിയില്‍ നിന്നുള്ള ആ അനുഭവ കഥ ഇങ്ങനെയാണ്…
ഏപ്രില്‍ 4നായിരുന്നു അത്. അബൂദബിയിലെ ഒരു ഇലക്ട്രോണിക് കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 25 കാരനായ മലയാളി, കടുത്ത പനി ബാധിച്ച് തന്റെ താമസസ്ഥലത്തേക്ക് മടങ്ങി. 101 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു ശരീരതാപനില. യുഎഇയില്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം ഇതിനകം 3,500 കവിഞ്ഞിരുന്നു. എന്നിരുന്നാലും, അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള മറ്റു ഏഴ് റൂംമേറ്റുകളും ഒരു ദിവസം കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചു.
ഏപ്രില്‍ 6. പനി മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍, വൈദ്യസഹായം ലഭ്യമാക്കുന്നതിനായി, യുഎഇയില്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച എല്ലാ ഹെല്‍പ്പ് ലൈന്‍ നമ്പറുകളെയും അദ്ദേഹം വിളിച്ചു. എംബസിയിലും എത്തി. അബൂദബി ആരോഗ്യ സേവന കമ്പനിയായ സെഹയുടെ അടുത്തിടെ തുറന്ന പതിമൂന്നു കോവിഡ് -19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങളിലൊന്നിലേക്ക് പോകാന്‍ മെഡിക്കല്‍ അസിസ്റ്റന്റുമാര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 5 മുതല്‍ യുഎഇയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍, യാത്രാസൗകര്യങ്ങളും സെഹയുടെ ആംബുലന്‍സ് സൗകര്യവും ലഭ്യമല്ല. പരിചയക്കാരന്റെ സഹായത്തോടെ ഒരു സ്വകാര്യ ടാക്സി വാടകയ്ക്കെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അവര്‍ പരിശോധനാ കേന്ദ്രത്തിലെത്തി.
സാമൂഹിക അകലം പാലിക്കല്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ മുറി ഒരു രോഗിക്കും ബാക്കിയുള്ളവര്‍ക്കുമായി വിഭജിക്കേണ്ട സാഹചര്യം വന്നു. പരിശോധനാ ഫലങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുന്നതിനൊപ്പം എല്ലാവരും ഡെറ്റോള്‍ ഉപയോഗിച്ച് ഓരോ മണിക്കൂറിലും മുറി വൃത്തിയാക്കാന്‍ തുടങ്ങി. ഒരു പൊതു കുളിമുറിയും അടുക്കളയും പങ്കിടുന്ന അവര്‍, ഓരോ തവണയും അത് ഉപയോഗിക്കുമ്പോഴും വൃത്തിയാക്കാനും കഴുകാനും തീരുമാനിച്ചു. ഫലങ്ങള്‍ക്കായി കാത്തിരിക്കുന്ന റൂംമേറ്റിനായി അവര്‍ പാത്രങ്ങളും വേര്‍തിരിച്ചു.
അവര്‍ ജോലി ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചു. മാസ്കുകളും കയ്യുറകളും പോലുള്ള അടിയന്തര പിപിഇ കിറ്റുകള്‍ കമ്പനി ഉടന്‍ നല്കി. കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി) മുറിയിലെ എല്ലാവര്ക്കും ദിവസത്തില്‍ രണ്ടു തവണ ഭക്ഷണം സംഘടിപ്പിച്ചു.
അതേ സമയം, മറ്റൊരു റൂംമേറ്റ് രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അയാള്‍ക്ക് ചുമ പിടിപെട്ടു. ഭയം വര്‍ദ്ധിച്ചു കൊണ്ടിരുന്നെങ്കിലും, ഒരേയൊരു പരിഹാരം ആത്മവിശ്വാസം നിലനിര്‍ത്തുകയും മുറി പങ്കിടുകയും ചെയ്യുക എന്നതായിരുന്നു.
‘ഞങ്ങള്‍ ഒരു ടേപ്പ് ഉപയോഗിച്ച് മുറി വിഭജിക്കുകയും ലഭ്യമായവയെല്ലാം ഉപയോഗിച്ച് മുറി വൃത്തിയാക്കുകയും ചെയ്തു. എല്ലാത്തരം സുരക്ഷയും നിലനിര്‍ത്തിയിട്ടും, നിരന്തരമായ പരിഭ്രാന്തിയുണ്ട്,’ അദ്ദേഹം പറഞ്ഞു.
പരീക്ഷണ ഫലങ്ങള്‍ പുറത്തു വരുന്നതിന് ഒരു ദിവസം മുമ്പ് യുവാവ് കൊല്ലത്തെ മാതാപിതാക്കളോട് സംസാരിച്ചു.
‘ഇവിടത്തെ അവസ്ഥയെക്കുറിച്ച് ഞാന്‍ അവരോട് ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അവര്‍ പരിഭ്രാന്തരാകും. ഇവിടെ എല്ലാം ശരിയാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. വാസ്തവത്തില്‍, അവരെ സമാധാനിപ്പിക്കാനായി ഞാന്‍ പറഞ്ഞു ജോലിയില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ ലോക്ക്ഡൌണ്‍ സഹായിച്ചിട്ടുണ്ടെന്ന്. പക്ഷേ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്ക്കല്ലേ അറിയൂ,’ അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ്സ്.കോമിനോട് പറഞ്ഞു. ശബ്ദത്തില്‍ ഭയം നിഴലിച്ചിരുന്നു.
ഏപ്രില്‍ 9 ന് അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയി.
‘പരിശോധനാ കേന്ദ്രം എന്റെ റൂംമേറ്റിനെ ഫലം അറിയിച്ചു. ഞങ്ങള്‍ ഉടനെ കേരള ഹെല്പ് സെന്ററിലേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ നില ഇപ്പോള്‍ ഭേദപ്പെട്ടു, പനി ശമിച്ചു,’ സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. കേസ് ഗുരുതരമല്ലാത്തതിനാല്‍ രോഗി വീട്ടില്‍ തന്നെ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു, കിടക്കകള്‍ ലഭ്യമായാല്‍ മാറാന്‍ സമ്മതിക്കുമെന്ന് പറഞ്ഞു.
രോഗലക്ഷണങ്ങള്‍ മാറിയെങ്കിലും മുറിയിലെ മറ്റ് ആറ് പേര് അപ്പോഴും ഭയത്തിലായിരുന്നു. എല്ലാവരും മാസ്ക് ധരിച്ച് മുറിയുടെ ഒരു കോണില്‍ ഒതുങ്ങിക്കൂടി, ഫോണുകളില്‍ ഗെയിമുകള്‍ കളിച്ച് സമയം ചെലവഴിച്ചു.
ഏപ്രില്‍ 10 ന് അവരെയും ടെസ്റ്റ് ചെയ്യാന്‍ കൊണ്ടു പോയി. അവര്‍ ഡിസ്റ്റന്‍സിംഗ് തുടരുകയും ഓരോ മണിക്കൂറിലും വീട് വൃത്തിയാക്കുകയും ചെയ്തു. മുറിയിലെ എല്ലാവരും ഇപ്പോള്‍ രോഗലക്ഷണമില്ലാത്തവരാണ്. എന്നിരുന്നാലും, ഒരു ക്വാറന്റൈന് സൗകര്യവും ഇതു വരെ നല്‍കിയിട്ടില്ല.
പോസിറ്റീവ് ആയ ആളോട് ഏറ്റവും അടുത്തുള്ള കിടക്ക ഉപയോഗിക്കുന്ന മുറിയിലെ മറ്റൊരാള്‍ പറഞ്ഞതിങ്ങനെ.
‘ഒരു ചെറിയ മുറിയിലാണ് ഞങ്ങള്‍ താമസിക്കുന്നത്, ഇപ്പോള്‍ ആ സ്ഥലത്തിന്റെ പകുതി സാമൂഹിക അകലം പാലിക്കുന്നതിനു പോകുന്നതിനാല്‍ വലിയ പ്രയാസമാണ്. ഇത്തരം മുറികളില്‍ സ്ഥലം ക്രമീകരിക്കാന്‍ പ്രയാസമുള്ളതിനാല്‍ യുഎഇ സര്‍ക്കാര്‍ ഉടന്‍ തന്നെ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ആരംഭിക്കണം.’
നാല് ദിവസത്തെ പരിശോധനയ്ക്ക് ശേഷം ഏപ്രില്‍ 13 ന് രോഗിയെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം മുറിയിലെ മറ്റെല്ലാവരും നെഗറ്റീവാണ് എന്ന് കണ്ടെത്തി.
ഭാവിയിലെ തൊഴില്‍ നഷ്ടം, ശമ്പളം കുറയ്ക്കല്‍ എന്നിവയെക്കുറിച്ച് സഹമുറിയന്മാര് ചിന്തിക്കുന്നുണ്ട്. സ്വദേശത്തേക്ക് പോകുന്നതും അത്ര എളുപ്പമല്ല എന്ന് അവര്‍ക്ക് അറിയാം. ഇപ്പോള്‍, മെയ് 3 വരെ, അവര്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം കോവിഡ് നെഗറ്റീവ് ആയി തുടരുക എന്നതാണ്. ഈ മുറിയിലെ എല്ലാവരും ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും.
in a single room in abu dhabi one covid patient and six room mates