ദുബൈ: കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് മുതലെടുത്ത് തട്ടിപ്പുകാര്‍ വീണ്ടും. യുഎഇ എംബസി അധികൃതരാണെന്ന വ്യാജേന പ്രത്യേക വിമാനയാത്രാ അനുമതി പത്രം വാഗ്ദാനം ചെയ്യുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്.
ഏതെങ്കിലും വിധേന യുഎഇയില്‍ മടങ്ങിയെത്താന്‍ ശ്രമിക്കുന്നവരെയാണ് തട്ടിപ്പുകാര്‍ കെണിയില്‍ വീഴ്ത്തുന്നത്. തട്ടിപ്പുകാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ന്യൂഡല്‍ഹി യുഎഇ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.uaeembassy.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ഇതേക്കുറിച്ച് പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങളില്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് വെബ്‌സൈറ്റ് ഓഫ്‌ലൈന്‍ ആയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇത് വീണ്ടും സജീവമായി.
ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലിങ്ക് https://www.mofaic.gov.ae/en/missions/new-delhi എന്നതാണ്. അതേസമയം, ഗൂഗിളില്‍ യുഎഇ എംബസി ഇന്‍ ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്യുന്നവരാണ് വ്യാജ വെബ്‌സൈറ്റില്‍ എത്തിപ്പെടുന്നത്. ഇതിലുള്ള ഇമെയില്‍ അഡ്രസില്‍ ബന്ധപ്പെടുന്നവരോട് അപ്രൂവല്‍ ലെറ്റര്‍ അയക്കാന്‍ പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
ദുബയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലിന്‍സി മോന്‍സ് മകള്‍ക്ക് വേണ്ടി 8000 രൂപയാണ് തട്ടിപ്പുകാര്‍ക്ക് അയച്ചു കൊടുത്തത്. ഇല്ലാത്ത യുഎഇ മന്ത്രാലയത്തിന്റെ(യുഇഎ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ആന്റ് നാച്ചുറലൈസേഷന്‍ ആന്റ് ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ്) പേരിലാണ് കത്ത് നല്‍കുന്നത്. ജിഡിആര്‍എഫ് ഡയറക്ടറുടെ വ്യാജ ഒപ്പുമുണ്ട്.
മുന്‍ മന്ത്രി എ കെ ബാലന്റെ മകന്‍ നവീന്‍ ബാലനോടും ഭാര്യ നമിത വേണുഗോപാലിനോടും അപ്രൂവല്‍ ലെറ്ററിന് വേണ്ടി തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത് 16,000 രൂപയാണ്. എന്നാല്‍, സംശയം തോന്നിയ ഇവര്‍ സൈബര്‍ പോലിസില്‍ ബന്ധപ്പെടുകയായിരുന്നു.
വിഷയത്തില്‍ അന്വേഷണം നടക്കുന്നതായി കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ ഈയിടെ അറിയിച്ചിരുന്നു.