Monday, November 29, 2021
HomeNewsfeedഇന്ത്യ-യുഎഇ വിമാന വിലക്ക് വീണ്ടും നീട്ടി; ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയില്‍

ഇന്ത്യ-യുഎഇ വിമാന വിലക്ക് വീണ്ടും നീട്ടി; ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയില്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അടുത്തമാസം ആറു വരെ നീട്ടി. ഈ മാസം 30 വരെ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് അറിയിച്ചത്. മലയാളികളടക്കം നിരവധി യുഎഇ പ്രവാസികളാണ് പ്രവേശന വിലക്കു കാരണം നാട്ടില്‍ കുടുങ്ങിയിട്ടുള്ളത്.

യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് ഇളവുണ്ട്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അംഗീകാരത്തിന് വിധേയമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി ഉണ്ട്.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കും യുഎഇയിലേക്ക് ജൂലൈ ആറുവരെ പ്രവേശിക്കാനാകില്ല. ഈ മാസം മുപ്പതോടെ വിലക്ക് ഒഴിവാക്കുമെന്ന സൂചനകള്‍ക്കിടെയാണ് വിലക്ക് നീട്ടിയതായി യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനകമ്പനികളെ അറിയിച്ചത്.

ജൂലൈ ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നിലവില്‍ യുഎഇ വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചശേഷം യുഎഇയിലേക്ക് പോകാവുന്നാണ്. എന്നാല്‍, ഇത് വന്‍ചെലവ് വരുന്ന കാര്യമാണ്.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കെങ്കിലും യാത്ര ചെയ്യാനുള്ള അനുമതിക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ അഭ്യര്‍ഥന. യുഎഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുകയാണ്. ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് താമസ വിസക്കാര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ALSO WATCH

 

Most Popular