Saturday, October 23, 2021
HomeNewsfeedഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനസര്‍വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ അവ്യക്തത

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനസര്‍വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ അവ്യക്തത

അബൂദബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത റിപോര്‍ട്ടുകള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കിയ നടപടി ജൂലൈ 21 വരെ നീട്ടിയതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അനിശ്ചിത കാലത്തേക്കാണ് നീട്ടിയതെന്ന് ഖലീജ് ടൈംസിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ, ലൈബീരിയ, നമീബിയ, സിയേറ ലിയോണ്‍, കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസ് ജൂലൈ 23 രാത്രി 11.59 റദ്ദാക്കിയതായാണ് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ടില്‍ ഉള്ളത്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജിസിഎഎ) പുറത്തിറക്കിയ നോട്ടീസ് ടു എയര്‍മെന്‍(നോട്ടാം) ഉദ്ധരിച്ചാണ് റിപോര്‍ട്ട്. ചാര്‍ട്ടര്‍ വിമാനങ്ങളെയും ചരക്കു വിമാനങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയതായും റിപോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, നോട്ടാം സമ്മറി ദിവസവും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പുറത്തിറക്കുന്നതാണെന്ന് ജിസിഎഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു. ഏവിയേഷന്‍ ചട്ടപ്രകാരം, നിശ്ചിത മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കുന്ന നോട്ടാമില്‍ തുടങ്ങുന്ന തിയ്യതിയും അവസാനിക്കുന്ന തിയ്യതിയും വേണമെന്നതിനാലാണ് ഇങ്ങിനെ തിയ്യതി നല്‍കുന്നത്. ഇത് ഏത് സമയത്തും മാറാവുന്നതാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ദുബൈ സുപ്രിംകമ്മിറ്റിയുടെ പ്രഖ്യാപന പ്രകാരം ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിരുന്നു. വാക്‌സിനെടുത്ത റസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങിവരാമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, പുതിയ അറിയിപ്പ് വന്നതോടെ കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള ചില വിമാന കമ്പനികള്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റുകള്‍ക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ജൂലൈ 7ന് സര്‍വീസ് തുടങ്ങുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഇല്ല.
ALSO WATCH

Most Popular