ചരിത്രം തിരുത്തി പാകിസ്ഥാന്‍; ലോകകപ്പിൽ ആദ്യമായി പാകിസ്താനോട് തോൽവി ഏറ്റുവാങ്ങി ഇന്ത്യ

ദുബൈ: ലോകകപ്പ് വേദികളില്‍ ഇന്നേവരെ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന നാണക്കേട് മാറ്റി പാകിസ്ഥാന്‍. അതും പത്തുവിക്കറ്റിന്റെ ആധികാരിക ജയത്തോടെ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി -20 ലോകകപ്പിന്റെ ആദ്യമത്സരത്തിലാണ് ഇന്ത്യ പരാജയമറിഞ്ഞത്. ഏകദിന, ട്വന്റി- 20 ലോകകപ്പുകളില്‍ കഴിഞ്ഞ 12 മത്സരങ്ങളില്‍ ഇന്ത്യക്കായിരുന്നു വിജയം. ആ നാണക്കേടാണ് പാകിസ്ഥാന്‍ ഞായറാഴ്ച തുടച്ചുനീക്കിയത്.

തകര്‍പ്പന്‍ ബോളിങ്, ഫീല്‍ഡിങ്, ബാറ്റിങ് പ്രകടനങ്ങള്‍ക്കൊപ്പം ടോസ് മുതല്‍ ഭാഗ്യവും ഒപ്പം നിന്നതോടെ അയല്‍പോരാട്ടത്തില്‍ പാകിസ്ഥാന്‍ വിജയം നേടുകയായിരുന്നു. തീര്‍ത്തും ഏകപക്ഷീയമായി മത്സരം മാറുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇന്നിങ്ങ്‌സിനൊടുവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കേ പത്തുവിക്കറ്റിന് മത്സരം സ്വന്തമാക്കുകയായിരുന്നു.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് പാക്കിസ്ഥാന്റെ വിജയം തീര്‍ത്തും ഏകപക്ഷീയമാക്കിയത്. നേരത്തേ ഇന്ത്യയുടെ ഇന്നിങ്ങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം സമ്മാനിച്ച ബോളര്‍മാരുടെ മേധാവിത്തം ബാറ്റിങ്ങിലും പാകിസ്ഥാന്‍ കാഴ്ച വെയ്ക്കുകയായിരുന്നു. യു.എ.ഇയിലെ പിച്ചുകള്‍ ഹോം ഗ്രൗണ്ട് പോലെ സുപരിചിതമാണെന്ന് മത്സരത്തലേന്ന പറഞ്ഞത് വെറുതെയല്ലെന്ന് പാക് സംഘം തെളിയിക്കുകയായിരുന്നു.

ക്യാപറ്റന്‍ ബാബര്‍ അസം 52 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 68 റണ്‍സുമായും മുഹമ്മദ് റിസ്വാന്‍
55 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 79 റണ്‍സോടെയും പുറത്താകാതെ നിന്നു. ഈ വര്‍ഷം ട്വന്റി -20 യിലെ അസം
റിസ്വാന്‍ സഖ്യത്തിന്റെ നാലാം സെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഇന്ത്യയ്‌ക്കെതിരേ നേടിയത്. ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മത്സരത്തില്‍ ഒരവസരവും ഈ സഖ്യം നല്‍കിയില്ല.

നേരത്തേ, ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന റെക്കോര്‍ഡിലേക്ക് ബാറ്റുവീശിയ കോലിയുടെ
മികവിലാണ് പാക്കിസ്ഥാനു മുന്നില്‍ ഇന്ത്യ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. കോലി 49 പന്തില്‍ 57 റണ്‍സെടുത്തു. തകര്‍ച്ചയോടെയാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് തുടങ്ങിയത്. ഓപ്പണര്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ കെ.എല്‍.രാഹുല്‍ മൂന്നു റണ്‍സിന് കൂടാരം കയറി. കോലിയുടെ സംയമനത്തോടെയുള്ള ബാറ്റിങ്ങാണ് ടീമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഋഷഭ് പന്ത് (30 പന്തില്‍ 39), രവീന്ദ്ര ജഡേജ (13 പന്തില്‍ 13), സൂര്യകുമാര്‍ യാദവ് (എട്ടു പന്തില്‍ 11), ഹാര്‍ദിക് പാണ്ഡ്യ (എട്ടു പന്തില്‍ 11) എന്നിവരുടെ ചെറുതും വലുതുമായ സംഭാവനകള്‍ കൂടിയായതോടെയാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്.

പാക്കിസ്ഥാനായി നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യയെ തകര്‍ച്ചയിലേയ്ക്ക് തള്ളിവിട്ടത്. ഹസന്‍ അലി നാല് ഓവറില്‍ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് ഷതാബ് ഖാന്‍, നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഹാരിസ് റൗഫ് എന്നിവരും പന്തുകൊണ്ട് തിളങ്ങി.

ആരാധകര്‍ കാത്തിരുന്ന ആവേശകരമായ മത്സരം തോറ്റെങ്കിലും മത്സരശേഷം പാക്കിസ്ഥാന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച മുഹമ്മദ് റിസ്വാനെ പുഞ്ചിരിയോടെ ചേര്‍ത്തുപിടിക്കുന്ന വിരാട് കോലിയുടെ നല്ല മനസ്സിനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. കളിക്കളത്തിലെ ആക്രമണോത്സുകതയും തോല്‍വിയുടെ നിരാശയുമെല്ലാം മാറ്റിവച്ചാണ് മത്സരം അവസാനിച്ചതിനു തൊട്ടുപിന്നാലെ കോലി പാക്ക് താരത്തെ ചേര്‍ത്തുപിടിച്ചത്.

മത്സരത്തില്‍ റിസ്വാന്‍ വിജയറണ്‍ കുറിച്ചതിനു പിന്നാലെയാണ് ക്രീസിലേക്ക് നടന്നെത്തിയ കോലി ഇരുവരെയും അഭിനന്ദിക്കുകയായിരുന്നു.
വിരാട് കോലിയുടെ സ്‌നേഹപ്രകടനത്തെ ഒരുപോലെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയാണ് ക്രിക്കറ്റ് ലോകം. നിമിഷങ്ങള്‍ക്കകമാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്.