Monday, October 25, 2021
HomeNewsfeedയുഎഇ ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ ആരാണ്?

യുഎഇ ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ ആരാണ്?

ദുബൈ: യുഎഇ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 38 വ്യക്തികളും 15 സ്ഥാപനങ്ങളും ഉള്‍പ്പെട്ട പട്ടികയാണ് യുഎഇ മന്ത്രിസഭ തയ്യാറാക്കിയത്. ഇതില്‍ ഉള്‍പ്പെട്ട മനോജ് സബര്‍വാള്‍ എന്ന ഇന്ത്യക്കാരന്‍ ഹൂഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സംഘത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നയാളാണ് എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

യമനില്‍ ഇറാന്റെ സഹായത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ശിയാ വിമത വിഭാഗമാണ് ഹൂഥികള്‍. സൗദിയിലേക്കും ഇടയ്ക്ക് ആക്രമണങ്ങള്‍ നടത്താറുണ്ട്. യമന്‍ സര്‍ക്കാരിന് അനുകൂലമായി സൗദി സഖ്യസേന നടത്തുന്ന ഇടപെടലിന് പ്രതികാരമായാണ് ഈ ആക്രമണം.

ഛത്തിസ്ഗഢിലെ ദുര്‍ഗ് സ്വദേശിയാണ് മനോജ് സബര്‍വാള്‍. പാസ്‌പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 1960 ഡിസംബര്‍ 1-നാണ് ജനനം. യുഎഇ ആസ്ഥാനമായി ചരക്കുകപ്പല്‍ ഗതാഗത സേവനം നടത്തുന്ന വ്യക്തിയാണ് മനോജ് സബര്‍വാള്‍. ഇറാന്‍ ആസ്ഥാനമായി ഹൂഥികള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്ന സഈദ് അല്‍ ജമാല്‍ എന്നയാളുമായി ഇയാള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് അമേരിക്കന്‍ ട്രഷറി വകുപ്പിലെ വിദേശ ആസ്തി നിയിന്ത്രണ വിഭാഗം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്.

അമേരിക്ക പുറത്തുവിട്ട വിരങ്ങളനുസരിച്ച് സഈദ് അല്‍ ജമാലിന് ഇറാനിയന്‍ പെട്രോളിയം ഉല്‍പന്നങ്ങളും മറ്റു ചരക്കുകളും കള്ളക്കടത്ത് നടത്തുന്നതിന് ആവശ്യമായ കപ്പല്‍ സേവനമൊരുക്കുന്നത് മനോജ് സബര്‍വാളാണ്. പശ്ചിമേഷ്യന്‍, ഏഷ്യന്‍ മേഖലകളാണ് മനോജ് സബര്‍വാളിന്റെ പ്രവര്‍ത്തന മണ്ഡലം. കള്ളക്കടത്തില്‍ സഈദ് അല്‍ ജമാലിന്റെ പങ്ക് മറച്ചുവയ്ക്കുന്നതിനാണ് സബര്‍വാളിനെ ഉപയോഗപ്പെടുത്തുന്നതെന്നാണ് അമേരിക്കന്‍ ട്രഷറി ഡിപാര്‍ട്ട്‌മെന്റിന്റെ നിരീക്ഷണം.

കള്ളക്കടത്ത് വഴി ലഭിക്കുന്ന കോടിക്കണക്കിന് ഡോളര്‍ സങ്കീര്‍ണമായ നെറ്റ്‌വര്‍ക്ക് വഴി യമനിലെ ഹൂഥികള്‍ക്കും ഇറാനിലെ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിനും ലഭിക്കുന്നുവെന്നാണ് റിപോര്‍ട്ടിലുള്ളത്. ജൂണ്‍ മാസത്തിലാണ് അമേരിക്ക ഈ റിപോര്‍ട്ട് പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്ക സബര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

Most Popular