ഷാര്‍ജ: കമ്പനിയിലെ ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. ഇന്ത്യന്‍ വംശജനായ ഡോ.സോഹന്‍ റോയിയുടെ കീഴിലുള്ള സ്ഥാപനം ജീവനക്കാരുടെ അച്ഛനും അമ്മയ്ക്കും നിലവില്‍ പെന്ഷന് കൊടുക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഭാര്യമാര്‍ക്ക് കൂടി ശമ്പളം നല്‍കാനുള്ള തീരുമാനം നല്‍കിയത്. കോവിഡ് മഹാമാരി മൂലം ലോകത്തിലെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായെങ്കിലും തങ്ങള്‍ക്ക് അതിനെയെല്ലാം മറികടക്കാനും ജീവനക്കാര്‍ക്ക് പതിവ് ശമ്പള വര്‍ദ്ധനവിനൊപ്പം ഇത്തരം ആനുകൂല്യങ്ങള്‍ കൂടി നല്കുവാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇ.ഒ.യും സംവിധായകനുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു.
നിലവില്‍ കമ്പനിയിലെ പുരുഷ ജോലിക്കാരുടെ ജീവിതപങ്കാളികളുടെ ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നുണ്ട്. ഒരു ജീവനക്കാരന് കമ്പനിയില്‍ എത്ര വര്‍ഷം പ്രവര്‍ത്തിച്ചു എന്നതിനെ അടിസ്ഥാനമാക്കി പ്രതിമാസ ശമ്പളം തീരുമാനിക്കുമെന്ന് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയിലെ ജീവനക്കാരുടെ ഭാര്യമാരുടെ ശമ്പളം ഉടന്‍ പുറത്തിറക്കും. അതേസമയം സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യശേഷിയും സമയ നിര്‍ണയ നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാനായി, ‘എഫിസം’ എന്ന ഒരു സോഫ്റ്റ് വെയര്‍ സിസ്റ്റം രൂപകല്പന ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ് വെയര്‍ മുഖേന പതിനാറു രാജ്യങ്ങളിലെ അറുപതോളം കമ്പനികളിലെ ജീവനക്കാരുടെ കാര്യക്ഷമത ഫലപ്രദമായി വിനിയോഗിക്കാന്‍ സ്ഥാപനത്തിന് സാധിച്ചതിലൂടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് സമുദ്ര സംബന്ധമായ വ്യവസായമേഖലയിലെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കി. പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാംസ്ഥാനവും സൗദിയിലെ ആരാംകോ അടക്കമുള്ള സ്ഥാപനങ്ങളുടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഈ നേട്ടം ജീവനക്കാര്‍ മുഖേന ഉണ്ടായതാണ്. അതുകൊണ്ടുതന്നെ അവരര്‍ഹിയ്ക്കുന്ന അതിന്റെ പങ്ക് അവര്‍ക്ക് തിരികെ കൊടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മാരിടൈം കണ്‍സള്‍ട്ടന്‍സി, ഷിപ്പ് ഡിസൈന്‍, കപ്പലുകളുടെ യു.റ്റി ഗേജിങ് സര്‍വേ, റോപ്പ് ആക്സസ്, ഇന്റീരിയര്‍, എവിയേഷന്‍ സര്‍വ്വേകള്‍ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവര്‍ത്തന മേഖലകള്‍. ഇതുകൂടാതെ മീഡിയ, സിനിമാ നിര്‍മ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷന്‍, ടൂറിസം മുതലായ മേഖലകളിലും സ്ഥാപനം മുതല്‍ മുടക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരാണ് ഗ്രൂപ്പിന്റെ സമ്പത്ത്. ആരെയും പിരിച്ചു വിടുകയോ ശമ്പളം നല്കാതിരിക്കുകയോ ചെയ്യേണ്ട സാഹചര്യം കൊറോണക്കാലത്ത് പോലും സ്ഥാപനത്തിന് ഉണ്ടായിട്ടില്ല- സോഹര്‍ റോയ് കൂട്ടിച്ചേര്‍ത്തു. അതേസമയം കമ്പനിയുമായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ഏരീസ് ഗ്രൂപ്പ് പെന്ഷന് നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.